സൂപ്പർ എട്ടിൽ അമേരിക്കയെ കീഴടക്കി വെസ്റ്റ് ഇൻഡീസ്
വിൻഡീസിന് ജയമൊരുക്കിയത് ചേസും റസലും ഹോപ്പും
ബ്രിഡ്ജ്ടൗൺ : ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്ന നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ വെസ്റ്റ് ഇൻഡീസ് രണ്ടാം മത്സരത്തിൽ അമേരിക്കയെ ഒൻപത് വിക്കറ്റിന് കീഴടക്കി സെമിഫൈനൽ പ്രതീക്ഷ നിലനിറുത്തി.
ഇന്നലെ ബ്രിഡ്ജ്ടൗണിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ 19.5 ഓവറിൽ 128 റൺസിൽ
ആൾഔട്ടാക്കിയശേഷം 10.5 ഓവറിൽ ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു വിൻഡീസ്. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോസ്റ്റൺ ചേസും 3.5 ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് നേടിയ അൽസാരി ജോസഫും ഒരു വിക്കറ്റ് വീഴ്ത്തിയ ഗുകേഷ് മോട്ടിയും ചേർന്നാണ് അമേരിക്കയെ എറിഞ്ഞൊതുക്കിയത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ബ്രാൻഡൻ കിംഗിന് പകരം ഓപ്പണറായി ഇറങ്ങിയ ഷായ് ഹോപ്പിന്റെ അർദ്ധസെഞ്ച്വറിയാണ് വിൻഡീസിന്റെ ചേസിംഗ് ഈസിയാക്കിയത്. 39 പന്തുകളിൽ നാലുഫോറും എട്ടു സിക്സുമടക്കം 82 റൺസ് നേടി ഹോപ്പ് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ (27 നോട്ടൗട്ട്) ഹോപ്പിന് പിന്തുണ നൽകി. ജോൺസൺ ചാൾസിന്റെ (15) വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്.
അമേരിക്കയുടെ ഓപ്പണർ സ്റ്റീവൻ ടെയ്‌ലറെ (2) പുറത്താക്കി റസലാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്ന് ആന്ദ്രീസ് ഗോസും (29), നിതീഷ് കുമാറും (20) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ ടീം സ്കോർ 51ൽ നിൽക്കേ നിതീഷിനെ പുറത്താക്കി മോട്ടി വീണ്ടും പ്രഹരമേൽപ്പിച്ചു. തുടർന്ന് ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയാൻ തുടങ്ങി. ക്യാപ്ടൻ ആരോൺ ജോൺസ് (11), കൊറേയ് ആൻഡേഴ്സൺ (7),ഹർമീത് സിംഗ് എന്നിവരെ പുറത്താക്കി ചേസാണ് അമേരിക്കയുടെ നട്ടെല്ലൊടിച്ചത്.
തുടർച്ചയായ രണ്ടാം തോൽവിയോടെ അമേരിക്കയുടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഗ്രൂപ്പ് രണ്ടിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലുപോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. രണ്ട് പോയിന്റുള്ള വിൻഡീസ് രണ്ടാമതും ഇംഗ്ളണ്ട് മൂന്നാമതുമാണ്. നിർണായകമായ മൂന്നാം മത്സരത്തിൽ വിൻഡീസ് തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം ആറിന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് രാത്രി എട്ടുമണിക്ക് അമേരിക്കയുമായാണ് ഇംഗ്ളണ്ടിന്റെ സൂപ്പർ എട്ടിലെ അവസാന മത്സരം.
അമേരിക്ക 128 (19.5)
ആന്ദ്രീസ് ഗോസ് (29),നിതീഷ് (20)
ചേസ് 4-0-19-3, റസൽ 3.5-0-31-3
വിൻഡീസ് 130/1 (10.5)
ഷായ് ഹോപ്പ് (82*), പുരാൻ (27*)
മാൻ ഒഫ് ദ മാച്ച് : റോസ്റ്റൺ ചേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |