ഫ്രാൻസും ഹോളണ്ടും ഗോൾരഹിത സമനിലയിൽ
പരിക്കേറ്റ കിലിയൻ എംബാപ്പെ കളിക്കാനിറങ്ങിയില്ല
ലെയ്പ്സിഗ് : യൂറോകപ്പ് ഗ്രൂപ്പ് ഡിയിൽ കഴിഞ്ഞരാത്രി കരുത്തന്മാരായ ഫ്രാൻസും ഹോളണ്ടും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആസ്ട്രിയയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ മൂക്കിന് പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയെക്കൂടാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്.
ആക്രമണത്തിലും പന്തടക്കത്തിലും പാസിംഗിലും ഫ്രാൻസ് ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഡച്ച് ഗോളി ബാർട്ട് വെർബ്രുഗന്റെ മനസാന്നിദ്ധ്യത്തിന് മുന്നിലാണ് അവർ നിസഹായരായി പോയത്. മിന്നുന്ന സേവുകൾ നടത്തിയ ബാർട്ടും പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ച നായകൻ വിർജിൽ വാൻഡിക്കും ചേർന്ന് ഗ്രീസ്മാനും മാർക്കസ് തുറാമും ഷൊവാമേനിയും കാന്റേയും ഡെംബെലെയുമൊക്കെ അടങ്ങുന്ന ഫ്രഞ്ച് ആക്രമണനിരയെ വരച്ച വരയിൽ നിറുത്തി. ആദ്യ പകുതിയിൽ കോഡി ഗാപ്കോയിലൂടെ മികച്ചൊരു ചാൻസ് ഹോളണ്ടിന് കിട്ടിയെങ്കിലും ഗോളാക്കാനായില്ല. 71-ാം മിനിട്ടിൽ ഹോളണ്ട് സിമോൺസിലൂടെ വലകുലുക്കിയെങ്കിലും വാർ ചെക്കിലൂടെ റഫറി ഓഫ്സൈഡ് കണ്ടെത്തി ഗോൾ നിഷേധിച്ചു.
ആദ്യ മത്സരത്തിൽ പോളണ്ടിനെ 2-1ന് തോൽപ്പിച്ചിരുന്ന ഹോളണ്ട് ഈ സമനിലയോടെ ഗ്രൂപ്പ് ഡിയിൽ നാലുപോയിന്റുമായി ഒന്നാമതാണ്. ആസ്ട്രിയയെ 1-0ത്തിന് തോൽപ്പിച്ചിരുന്ന ഫ്രാൻസ് നാലുപോയിന്റുമായി രണ്ടാമതാണ്. പോളണ്ടിനെ 3-1ന് തോൽപ്പിച്ച ആസ്ട്രിയ മൂന്ന് പോയിന്റുമായി മൂന്നാമതുണ്ട്.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ ചൊവ്വാഴ്ച രാത്രി 9.30ന് ഫ്രാൻസ് പോളണ്ടിനെയും ഹോളണ്ട് ആസ്ട്രിയയെയും നേരിടും.
05
ഫ്രാൻസും ഹോളണ്ടും തമ്മിലുള്ള പോരാട്ടങ്ങളിൽ അഞ്ചാമത്തെ മാത്രം സമനിലയാണിത്. 31 മത്സരങ്ങളിൽ ഇവർ കോർത്തതിൽ 15 വിജയങ്ങൾ നേടിയത് ഫ്രാൻസാണ്. ഹോളണ്ടിന് 11 ജയങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |