സിഡ്‌നി: 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയയുടെ പ്രാഥമിക ടീമിലുണ്ടായിട്ടും ഏകദിനത്തിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ട്വന്റി-20യിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തീർച്ചയായും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഓസ്ട്രേലിയൻ ഏകദിന ടീമിനൊപ്പമുള്ള യാത്ര അതിമനോഹരമായിരുന്നു. എങ്കിലും ഏകദിനം മതിയാക്കി കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. കോച്ച് റോണുമായി (ആൻഡ്രൂ മക്ഡോണാൾഡ്) എനിക്ക് വളരെ മികച്ച ബന്ധമാണുള്ളത്. അദ്ദേഹം ഇതുവരെ നൽകിയ ഉറച്ച പിന്തുണയ്ക്കു നന്ദി – സ്റ്റോയ്നിസ് പറഞ്ഞു.
2015ൽ ഇംഗ്ലണ്ടിനെതിരെയാണ് സ്റ്റോയിനിസ് ഏകദനത്തിൽ അരങ്ങേറിയത്. 71 ഏകദിനങ്ങളിൽ നിന്ന് 1495 റൺസും 48 വിക്കറ്റുകളും നേടി. 2023ൽ ഏകദിന ലോകകപ്പ് ജയിച്ച ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു. 2018–19 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
ഓസീസ് പ്രതിസന്ധയിൽ
ചാമ്പ്യൻസ് ട്രോഫിക്ക് അടുത്തെത്തവേ ഓസീസ് പ്രതിസന്ധയിലാണ്. പരിക്കിന്റെ പിടിയിലായ ക്യാപ്ടൻ പാറ്റ് കമ്മിൻസും മറ്റൊരു പേസർ ജോഷ് ഹാസൽവുഡും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി. മിച്ചൽ മാർഷും കാമറൂൺ ഗ്രീനും പരിക്കിനെത്തുടർന്ന് നേരത്തേ തന്നെ പുറത്തായിരുന്നു. ഇതിനൊപ്പം സ്റ്റോയിനിസ് ഏകദിനത്തിൽ നിന്ന് വിരമിച്ചതും ഓസീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |