ഹൈദരാബാദ് : ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ് കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ഹൈദരാബാദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ദുസാൻ ലഗാതോറിലൂടെ ബ്ളാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നെങ്കിലും 45-ാം മിനിട്ടിൽ സൗരവ് നേടിയ ഗോളിന് ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു.
അവസാന മത്സരത്തിൽ വിജയിച്ച് ആശ്വാസം കണ്ടെത്താനിറങ്ങിയ ബ്ളാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ മുന്നിലെത്താനായെങ്കിലും ആധിപത്യം നിലനിറുത്താൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. കളിക്കളങ്ങളിലെ വിജയങ്ങളും ഗാലറിയിലെ ആരാധകരും കൈവിട്ട കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി ഇതോടെ നിരാശരായി മടങ്ങേണ്ടിവന്നു. ഇതുവരെ ഒരു സീസണിലും കിരീടം നേടാനായിട്ടില്ലെങ്കിലും കേരള ബ്ളാസ്റ്റേഴ്സ് എന്ന ബ്രാൻഡിന് തന്നെ ഏറ്റവും കൂടുതൽ ഇടിവുണ്ടായ സീസണാണിത്. മൂന്ന് സീസണുകളിൽ ബ്ളാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന ഇവാൻ വുകോമനോവിച്ചിനെ പറഞ്ഞയച്ച് സ്വീഡൻകാരനായ മൈക്കേൽ സ്റ്റാറേയെ കോച്ചാക്കിയാണ് സീസൺ തുടങ്ങിയത്. എന്നാൽ തോൽവികൾ തുടർക്കഥയാക്കിയതോടെ കഴിഞ്ഞ ഡിസംബറിൽ സ്റ്റാറേയേയും സഹപരിശീലകരെയും പറഞ്ഞുവിട്ടു. ഇതിനുമുന്നേ ആരാധകർ ക്ളബിനെ കൈയൊഴിയാൻ തുടങ്ങിയിരുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കാത്ത മാനേജ്മെന്റിനെതിരെ ടീമിന്റെ ഔദ്യോഗിക ആരാധകസംഘമായ മഞ്ഞപ്പട പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. ബ്ളാസ്റ്റേഴ്സിന്റെ കളികാണാൻ തങ്ങൾ ഗാലറിയിലെത്തില്ലെന്ന നിലപാടും മഞ്ഞപ്പട സ്വീകരിച്ചു. ഇതോടെ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ കാണികളെത്തിയിരുന്ന കൊച്ചിയിലെ ഗാലറി വിജനമാകാൻ തുടങ്ങി.
ഈ സീസണിലെ 24 മത്സരങ്ങളിൽ 29 പോയിന്റുമായി എട്ടാം സ്ഥാനക്കാരായാണ് ബ്ളാസ്റ്റേഴ്സ് മടങ്ങുന്നത്.
18 പോയിന്റുള്ള ഹൈദരാബാദ് 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഈ സീസണിലെ 24 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ മാത്രം ജയിക്കാനായ ബ്ളാസ്റ്റേഴ്സ് അഞ്ച് സമനിലകളാണ് വഴങ്ങിയത്. ബാക്കി 11കളികളിൽ തോറ്റു.
മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിക്ക് സീസണിൽ ജയിക്കാനായത് നാലുകളികളിൽ മാത്രമാണ്. ആറ് സമനിലകളും 14 തോൽവികളും വഴങ്ങേണ്ടിവന്നു.
ഹൈദരാബാദിനെ
തോൽപ്പിക്കാനാവാതെ
ഈ സീസണിലെ ഒരു മത്സരത്തിലും ഹൈദരാബാദ് എഫ്.സിയെ തോൽപ്പിക്കാൻ കഴിയാതെയാണ് ബ്ളാസ്റ്റേഴ്സ് മടങ്ങുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയിൽ വച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-1ന് ഹൈദരാബാദാണ് വിജയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |