ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പി.എസ്.ജിയോട് തോറ്റ് ലിവർപൂൾ
ബാഴ്സലോണ,ഇന്റർ മിലാൻ, ബയേൺ മ്യൂണിക്ക് ക്വാർട്ടറിൽ
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ സ്വപ്നങ്ങൾ പ്രീ ക്വാർട്ടർ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി ക്വാർട്ടറിലെത്തി. ആദ്യപാദ പ്രീക്വാർട്ടറിൽ 1-0ത്തിന് ജയിച്ചിരുന്ന ലിവർപൂളിനെതിരെ രണ്ടാം പാദത്തിന്റെ നിശ്ചിതസമയത്തും അധികസമയത്തും പി.എസ്.ജി 1-0ത്തിന് ലീഡ് ചെയ്തതോടെയാണ് ക്വാർട്ടർ ഫൈനലിസ്റ്റിനെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ആൻഫീൽഡിലെ ലിവർപൂൾ ആരാധകർക്ക് മുന്നിൽ 4-1നായിരുന്നു ഷൂട്ടൗട്ടിലെ പി.എസ്.ജിയുടെ ജയം.
ലിവർപൂളിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ രണ്ടും കൽപ്പിച്ചിറങ്ങിയ പി.എസ്.ജിയുടെ വീറിന് മുന്നിൽ ലിവർപൂൾ ശരിക്കും പതറിപ്പോയെന്നുവേണം പറയാൻ. 12-ാം മിനിട്ടിൽ ഒസ്മാനേ ഡെംബെലെയുടെ ഗോളിലൂടെ മുന്നിലെത്തിയ പി.എസ്.ജി തുടർന്നും ഗോളവസരങ്ങൾ ഒരുക്കിയെങ്കിലും ലിവർപൂൾ ഗോളി ആലിസന്റെ മുന്നിൽ അവസാനിച്ചു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മിന്നിയത് പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോളി ഡോണറുമ്മയാണ്.രണ്ട് കിക്കുകൾ തട്ടിക്കളഞ്ഞ ഡോണറുമ്മയുടെ മികവിലാണ് ലൂയിസ് എൻറിക്വേ പരിശീലിപ്പിക്കുന്ന പി.എസ്.ജി അവസാന എട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടിലെ കളി
പി.എസ്.ജിക്ക് വേണ്ടി വിറ്റീഞ്ഞ എടുത്ത ആദ്യ കിക്ക് ലിവർപൂൾ ഗോളി ആലിസണിന്റെ കയ്യിൽ തട്ടി വലയിലേക്ക് കയറി.
ലിവർപൂളിന് വേണ്ടി ആദ്യ കിക്കെടുത്ത സലായും പന്ത് വലയിലെത്തിച്ചു.
പി.എസ്.ജിയുടെ രണ്ടാം കിക്ക് ഗോൺസാലോ റാമോസ് ഗോളാക്കിയപ്പോൾ ലിവർപൂളിന്റെ ഡാർവിൻ ന്യൂനസിന്റെ ഷോട്ട് ഡോണറുമ്മ സേവ് ചെയ്തു.
ഡെംബലെ പി.എസ്.ജിയുടെ മൂന്നാം കിക്ക് ഗോളാക്കിയപ്പോൾ ലിവർപൂളിന്റെ കുർട്ടിസ് ജോൺസിന്റെ ഷോട്ട് ഡോണറുമ്മ തട്ടിക്കളഞ്ഞു.
ഡിസെയെർ ദൗയേ നാലാമത്തെ കിക്ക് വലയിലെത്തിച്ചതോടെ പി.എസ്.ജി ചരിത്രവിജയം കുറിച്ചു.
1
ചരിത്രത്തിലാദ്യമായാണ് ലിവർപൂൾ യൂറോപ്യൻ മത്സരത്തിന്റെ നോക്കൗട്ടിലെ ആദ്യ പാദത്തിൽ വിജയിച്ചശേഷം രണ്ടാം ലെഗിൽ തോറ്റ് പുറത്താകുന്നത്.
ലിവർപൂൾ യൂറോപ്പ ലീഗിലോ ചാമ്പ്യൻസ് ലീഗിലോ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് ഇതാദ്യം.
9
ഇത് ഒൻപതാം തവണയാണ് പി.എസ്.ജി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്.
അനായാസം
ബാഴ്സയും
ബയേണും
ആദ്യ പാദത്തിലെന്നപോലെ രണ്ടാം പാദത്തിലും അനായാസ വിജയങ്ങൾ നേടിയാണ് ബാഴ്സലോണയും ബയേൺ മ്യ
ണിക്കും ക്വാർട്ടറിലെത്തിയത്. പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയ്ക്ക് എതിരെ ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന ബാഴ്സ രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിൽ ജയിച്ചത് 3-1നാണ്. ഇരട്ട ഗോളുകൾ നേടിയ നായകൻ റഫീഞ്ഞയും ഒരു ഗോളടിച്ച ലാമിൻ യമാലുമാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. 11-ാം മിനിട്ടിൽ റഫീഞ്ഞയിലൂടെ മുന്നിലെത്തിയിരുന്ന ബാഴ്സയെ രണ്ട് മിനിട്ടികം നിക്കോളാസ് ഓട്ടമെൻഡിയിലൂടെ ബെൻഫിക്ക സമനിലയിലാക്കിയിരുന്നു. എന്നാൽ 27-ാം മിനിട്ടിൽ യമാലും 42-ാം മിനിട്ടിൽ റഫീഞ്ഞയും സ്കോർ ചെയ്തതോടെ കളി ബാഴ്സയുടെ കയ്യിലായി.
ആദ്യ പാദത്തിൽ സ്വന്തം രാജ്യക്കാരായ ബയേർ ലെവർകൂസനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചിരുന്ന ബയേൺ മ്യൂണിക്ക് രണ്ടാം പാദത്തിൽ 2-0ത്തിനാണ് വിജയം കണ്ടത്.52-ാം മിനിട്ടിൽ ഹാരി കേനും 71-ാം മിനിട്ടിൽ അൽഫോൺസോ ഡേവിസുമാണ് ബയേണിനായി ഗോളുകൾ നേടിയത്. ആദ്യ പാദത്തിൽ 2-0ത്തിന് ഡച്ച് ക്ളബ് ഫെയനൂർദിനെ തോൽപ്പിച്ചിരുന്ന ഇന്റർ മിലാൻ രണ്ടാം പാദത്തിൽ 2-1ന്റെ വിജയം നേടിയാണ് അവസാന എട്ടിലേക്ക് കടന്നത്.
രണ്ടാം പാദ മത്സരഫലങ്ങൾ
പി.എസ്.ജി 1 - ലിവർപൂൾ 1 (4-1)
ബാഴ്സലോണ 3 - ബെൻഫിക്ക1
ബയേൺ 2- ലെവർകൂസൻ 0
ഇന്റർ മിലാൻ 2- ഫെയനൂർദ് 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |