തന്റെ 16-ാം വിംബിഡൺ ക്വാർട്ടറിലെത്തി നൊവാക്ക് ജോക്കോവിച്ച്
സിന്നർ,ഇഗ,ആൻഡ്രീവ,ബെൻസിച്ച് ക്വാർട്ടർ ഫൈനലിൽ
ലണ്ടൻ : വിംബിൾഡണിലെ പുൽത്തകിടിയിൽ തന്റെ 16-ാം ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്ക് കാലെടുത്തുവച്ച് മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച്. നിലവിൽ ആറാം സീഡായി മത്സരിക്കുന്ന നൊവാക്ക് പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനേയുറിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അവസാന എട്ടിലേക്കെത്തിയത്.
ആദ്യ സെറ്റ് കൈവിട്ടുകളഞ്ഞശേഷമാണ് നൊവാക്ക് കളിയിലേക്ക് തിരിച്ചുവന്നത്. തുടർന്ന് മൂന്ന് സെറ്റുകളിലും ആധിപത്യമുറപ്പിച്ച് മുന്നേറുകയായിരുന്നു. 1-6 6-4 6-4 6-4 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ ജയം. നാല് ഡബിൾ ഫാൾട്ടുകളടക്കം 16 അൺഫോഴ്സ്ഡ് എററുകളാണ് നൊവാക്കിൽനിന്ന് ആദ്യ സെറ്റിലുണ്ടായത്. എന്നാൽ രണ്ടാം സെറ്റിലെ ആദ്യ ഗെയിം 19 മിനിട്ട് പൊരുതി നേടിയതോടെ നൊവാക്ക് ഫോമിലേക്കെത്തി. പിന്നീട് മിനേയുറിന് മുന്നേറാനായില്ല. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ഫ്ളാവിയോ കൊബോലിയാണ് നൊവാക്കിന്റെ എതിരാളി.
19-ാം സീഡ് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് പ്രീ ക്വാർട്ടറിൽ പരിക്കേറ്റ് പിൻമാറിയതോടെ ടോപ് സീഡ് യാന്നിക്ക് സിന്നറിന്റെ ക്വാർട്ടർ പ്രവേശനം എളുപ്പമായി. 3-6 5-7 2-2 എന്ന നിലയിലാണ് ദിമിത്രോവ് പിന്മാറിയത്. നൊവാക്കും സിന്നറും ക്വാർട്ടർ കടന്നാൽ സെമിയിൽ ഏറ്റുമുട്ടേണ്ടിവരും.
വനിതാ സിംഗിൾസിൽ എട്ടാം സീഡ് ഇഗ ഷ്വാംടെക്ക് പ്രീ ക്വാർട്ടറിൽ 6-4 6-1ന് ഡെന്മാർക്കിന്റെ ക്ളാര ടൗസനെ കീഴടക്കി. സ്വിറ്റ്സർലാൻഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ബെലിൻഡ ബെൻസിച്ച് 7-6(4) 6-4 ന് 18-ാം സീഡ് അലക്സാൻഡ്രോവയെ കീഴടക്കി ക്വാർട്ടറിലെത്തി. ഏഴാം സീഡ് മിറ ആൻഡ്രീവയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ 6-2 6-3ന് അമേരിക്കയുടെ എമ്മ നവാരോയെയാണ് മിറ തോൽപ്പിച്ചത്.
101
നൊവാക്ക് ജോക്കോവിച്ചിന്റെ വിംബിൾഡണിലെ 101-ാമത്തെ വിജയമായിരുന്നു ഡി മിനേയുറിനെതിരായത്. റോജർ ഫെഡററെ (105) കൂടാതെ വിംബിൾഡണിൽ 100 വിജയങ്ങൾ കടക്കുന്ന ആദ്യ താരമാണ് നൊവാക്ക്. ഫ്രഞ്ച് ഓപ്പണിലും നൊവാക്ക് 101 വിജയങ്ങൾ നേടിയിട്ടുണ്ട്.
25
ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയായിട്ടുള്ള നൊവാക്ക് തന്റെ 25-ാം ഗ്രാൻസ്ളാം നേട്ടമാണ് ഇക്കുറി വിംബിൾഡണിൽ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |