ന്യൂഡൽഹി: സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്കു പിന്നിലെന്ന് സൂചന. രാജിക്കത്ത് ഇന്നലെ രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷമുണ്ടായ സംഭവങ്ങളാണ് രാജിക്കു പിന്നിലെന്നാണ് സൂചന. രാത്രി 9.25ന് എക്‌സ് അക്കൗണ്ടിലൂടെ ധൻകറാണ് രാജി പ്രഖ്യാപിച്ചത്.
വർഷകാല സമ്മേളനം തുടങ്ങിയ ദിവസം രാജ്യസഭയിൽ ധൻകർ സജീവമായിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസ് സ്വീകരിച്ചത് സർക്കാരിന്റെ അപ്രീതിക്ക് കാരണമായെന്നറിയുന്നു. ഇതിലൂടെ ജഡ്‌ജിക്കെതിരെയും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയും നടപടി സ്വീകരിക്കാനുള്ള അവസരം സർക്കാരിന് നഷ്‌ടമായി. ഇതേച്ചൊല്ലി രാജ്യസഭാനേതാവും മന്ത്രിയുമായ ജെ.പി. നദ്ദയും ധൻകറും ഫോണിൽ ദീർഘനേരം തർക്കിച്ചതായി അറിയുന്നു.
വൈകിട്ട് നടന്ന രാജ്യസഭ ബിസിനസ് അഡ്വൈസറി യോഗത്തിൽ ജെ.പി. നദ്ദയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും പങ്കെടുത്തിരുന്നില്ല. അടുത്തകാലത്ത് സർക്കാരുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി.
രാജ്യസഭ അദ്ധ്യക്ഷനായിരിക്കെ സർക്കാരിനെ അമിതമായി പിന്തുണച്ചതിന് പ്രതിപക്ഷത്തിന്റെ പഴി സ്ഥിരമായി കേട്ടിരുന്ന ധൻകർ ഔദ്യോഗിക യാത്ര അയപ്പില്ലാതെയാണ് പടിയിറങ്ങിയത്. ഇന്നലെ രാജി സ്വീകരിച്ചതിനാൽ ധൻകർ സഭയിലെത്തിയിരുന്നില്ല. ചട്ടപ്രകാരം രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവംശ് ചുമതല ഏറ്റെടുത്തു. രാജി സ്വീകരിച്ചതിനു പിന്നാലെ ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം വന്നു.
നിതീഷ് അടുത്ത ഉപരാഷ്ട്രപതി ?
ഉപരാഷ്ട‌്രപതി പദത്തിൽ കാലാവധി പൂർത്തിയാക്കുമെന്നും 2027 ആഗസ്റ്റ് വരെ തുടരുമെന്നും 10 ദിവസം മുൻപ് നടന്ന ചടങ്ങിൽ 74 കാരനായ ധൻകർ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ‌്ച ഡൽഹിയിൽ നടന്ന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും മെച്ചമായിരുന്നില്ല. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സെപ്‌തംബർ 19ന് മുൻപ് ധൻകറിന്റെ പിൻഗാമി വരും. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ജമ്മുകാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരാണ് എൻ.ഡി.എയുടെ സാദ്ധ്യതാപട്ടികയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |