ബീജിംഗ്: തടികുറയ്‌ക്കാൻ പച്ചക്കറി മാത്രം കഴിച്ച 16കാരി കഷ്‌ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. മെയ് എന്ന് പേരുള്ള കുട്ടിയാണ് ക്രാഷ് ഡയറ്റിന്റെ ഭാഗമായി ചെറിയ അളവിൽ പച്ചക്കറി മാത്രം കഴിച്ചത്. കൈകാലുകളിലെ ബലഹീനതയും ശ്വാസതടസവും അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറന്നാളിന് ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കാനായാണ് കുട്ടി ശരീരഭാരം കുറയ്‌ക്കാൻ തീരുമാനിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടിയുടെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് സാധാരണയെക്കാൾ താഴ്‌ന്ന് ഹൈപ്പോകലീമിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയതാണ് നില വഷളാകാൻ കാരണമെന്നും ഡോക്‌ടർമാർ പറഞ്ഞു.
അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണ് ഹൈപ്പോകലീമിയ ഉണ്ടാകുന്നത്. ഈ അവസ്ഥ ശ്വാസതടസത്തിനും ഹൃദയസ്‌തംഭനത്തിനും പോലും കാരണമാകും. ഉരുളക്കിഴങ്ങ്, ചിക്കൻ, വാഴപ്പഴം എന്നിവ കഴിച്ച് ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചാൽ പൊട്ടാസ്യത്തിന്റെ അളവ് സാധാരണ നിലയിലെത്തിക്കാമെന്നും ഡോക്‌ടർമാർ പറഞ്ഞു.
നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടു. ഇനിയൊരിക്കലും ശരീരഭാരം കുറയ്‌ക്കാനായി കഠിനമായ വഴികൾ സ്വീകരിക്കില്ലെന്ന് അവൾ ഉറപ്പിച്ച് പറഞ്ഞു. ഇതിന് മുമ്പും പലരും ഇത്തരത്തിലുള്ള ഡയറ്റുകൾ ചെയ്‌ത് ജീവൻ നഷ്‌ടപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |