ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധങ്ങളിലും അതിർത്തി സംഘർഷങ്ങളിലും ഇന്ത്യൻ ആകാശത്തെ സംരക്ഷിച്ച മിഗ്-21 വിമാനങ്ങൾ ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിൽ വ്യോമസേനയോട് വിട പറയുന്നു. സെപ്‌തംബർ 19ന് ചണ്ഡീഗഢ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ വിമാനത്തിന് വ്യോമസേന ഔദ്യോഗിക യാത്രയയപ്പു നൽകും.
1963ൽ റഷ്യയിൽ നിന്ന് വാങ്ങിയ മിഗ് 21 ഇന്ത്യയുടെ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനമാണ്. അതിന് ശേഷം ടൈപ്പ്-77,ടൈപ്പ്-96,ബി.ഐ.എസ്,ബൈസൺസ് വകഭേദങ്ങളിൽ 870ഓളം വിമാനങ്ങൾ സേനയുടെ ഭാഗമായി. കാലാനുസൃത മാറ്റങ്ങൾ വരുത്തിയ 36 മിഗ്-21 ബൈസണുകൾ അടങ്ങിയ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുള്ളത്.
അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധമുറ സ്യൂട്ടുകളും അടക്കം മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിന്റെ പ്രകടനവും ഭാരം വഹിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കാനായില്ല. പരിശീലനത്തിനിടെ 400ലധികം മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെട്ടത് ബാദ്ധ്യതയായി. അപകടങ്ങളിൽ 100ലധികം പൈലറ്റുമാരും സിവിലിയൻമാരും കൊല്ലപ്പെട്ടു. 2019ലെ ബാലക്കോട്ട് സർജിക്കൽ ആക്രമണത്തിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പറത്തിയ ബൈസൺ പാക് സേന വെടിവച്ചിട്ടിരുന്നു.
1965,71 ഇന്ത്യാ-പാക്, 1999 കാർഗിൽ യുദ്ധങ്ങളിൽ നിർണായക പ്രകടനം.
2022 ഓടെ ഒഴിവാക്കാനുള്ള തീരുമാനം തേജസ് ഉൾപ്പെടെ യുദ്ധവിമാനങ്ങളുടെ വിന്ന്യാസം വൈകിയതിനാൽ നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |