ഒരു ദിവസം പെട്ടെന്ന് തീർന്നുപോകുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നുപോകുന്നത്. ഇതെല്ലാം തോന്നലാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് നിങ്ങളുടെ തോന്നലല്ല. ഭൂമിയുടെ ഭ്രമണവേഗത വർദ്ധിച്ചിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തലുകൾ.
മുൻപുള്ളതിനെക്കാൾ വേഗത്തിൽ ഭൂമി കറങ്ങുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് നമ്മുടെ ദിവസങ്ങളുടെ ദെെർഘ്യം മില്ലീസെക്കൻഡുകൾ കുറയ്ക്കുന്നു. ഈ വ്യത്യാസം ദെെനംദിന ജീവിതത്തിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ലെങ്കിലും ഭൂമിയുടെ ഈ ഭ്രമണ സ്വഭാവം ശാസ്ത്രജ്ഞരിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2020മുതലാണ് ഭൂമിയുടെ കറക്കത്തിലെ ഈ വേഗത ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒരു ദിവസത്തിന്റെ ദെെർഘ്യം
ഒരു ദിവസത്തിന്റെ ദെെർഘ്യം എന്നത് ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു പൂർണഭ്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയമാണ്. ഇത് ശരാശരി 24 മണിക്കൂർ അല്ലെങ്കിൽ 86,400 സെക്കൻഡാണ്. എന്നാൽ ഭൂമിയുടെ വേഗത സ്ഥിരമല്ല. മെസോസോയിക് കാലഘട്ടത്തിൽ 23 മണിക്കൂർ ആയിരുന്നു ഒരു ദിവസം. വെങ്കലയുഗത്തിന്റെ തുടക്കത്തിൽ ശരാശരി ദിവസം 0.47 സെക്കൻഡ് കുറവായിരുന്നുവെന്ന് 2023ലെ ഒരു പഠനത്തിൽ കണ്ടെത്തി. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം 19 മണിക്കൂർ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് വിദഗ്ധർ പറയുന്നു.
ദിവസങ്ങളുടെ ദെെർഘ്യം കുറയുന്നത് എന്തുകൊണ്ട്
1973ൽ ആറ്റോമിക് ക്ലോക്കുകൾ ഭൂമിയുടെ ഭ്രമണം കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഈ വർഷങ്ങളിൽ ദിവസങ്ങൾ 24 മണിക്കൂറിനെക്കാൾ അൽപം കൂടുതലായി കണ്ടെത്തി. എന്നാൽ 2020മുതൽ ഈ ഭൂമിയുടെ കറക്കത്തിലെ വേഗത കൂടിയതായി ശാസ്ത്രജ്ഞർ പറയുന്നു. 2024 ജൂലായ് അഞ്ചിനാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസം രേഖപ്പെടുത്തിയത്. അന്ന് ഭൂമി സാധാരണ കറങ്ങുന്നതിൽ നിന്ന് 1.66 മില്ലിസെക്കൻഡ് വേഗത്തിലാണ് കറങ്ങിയത്. ഈ വർഷം ജൂലായ് 9, 22 തീയതികളിലും കുറഞ്ഞ ദെെർഘ്യമുള്ള ദിവസമാണ് രേഖപ്പെടുത്തിയതെന്ന് ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റഫറൻസ് സിസ്റ്റംസ് സർവീസ് വ്യക്തമാക്കുന്നു.
ഈ പ്രതിഭാസത്തിന്റെ കാരണം
ഭൂമിയുടെ ഭ്രമണത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതിൽ ഒന്നാണ് ചന്ദ്രന്റെ സ്വാധീനം. ചന്ദ്രൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിലായിരിക്കുമ്പോൾ ഭ്രമണ വേഗത കുറയുന്നു. ഭൂമദ്ധ്യരേഖയ്ക്ക് അകലെയാണ് ചന്ദ്രൻ ഉള്ളതെങ്കിൽ ഭൂമി അൽപം വേഗത്തിൽ കറങ്ങുന്നു. കാലാവസ്ഥ വ്യാതിയാനവും ഭൂമിയുടെ വേഗത കൂടുന്നതിൽ ഒരു ഘടകമാണ്. അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും മഞ്ഞുരുകുന്നത് സമുദ്രനിരപ്പിലെ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. എന്നിരുന്നാലും ഈ അസാധാരണ വേഗതയ്ക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ഈ പ്രതിഭാസത്തെക്കുറിച്ച് പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
ഭ്രമണ വേഗതയിലെ ഈ മാറ്റം ശാസ്ത്രലോകത്തിന് പുതിയതല്ല. ഈ പ്രവണത തുടരുകയാണെങ്കിൽ 2029ഓടെ നമ്മുടെ ക്ലോക്കുകളിൽ നിന്ന് ഒരു ലീപ്പ് സെക്കൻഡ് പോലും നീക്കം ചെയ്യേണ്ടി വന്നേക്കാം. സാധാരണയായി ലീപ്പ് സെക്കൻഡുകൾ ക്ലോക്കുകളിലേക്ക് ചേർക്കുകയാണ് പതിവ്. ഭൂമിയുടെ കറക്കം മന്ദഗതിയിലാകുമ്പോൾ സമയത്തെ ക്രമീകരിക്കാനാണ് ഇത് സഹായിക്കുന്നത്. എന്നാൽ ഇപ്പോൾ കറക്കം വേഗത്തിലായതിനാൽ ഒരു സെക്കൻഡ് കുറയ്‌ക്കേണ്ടി വന്നേക്കാം. ഇത്തരത്തിൽ സെൻഡ് കുറയ്‌ക്കേണ്ടി വന്നിട്ടില്ലെങ്കിലും ഇപ്പോൾ മുതൽ 2035 വരെ അങ്ങനെ ഒന്ന് ഉണ്ടാകാനുള്ള സാദ്ധ്യത ഏകദേശം 40 ശതമാനമാണെന്നും ഗവേഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |