SignIn
Kerala Kaumudi Online
Thursday, 19 February 2026 12.06 AM IST

സെഞ്ച്വറി വൈഭവം

Increase Font Size Decrease Font Size Print Page
vaibhav

അണ്ടർ 19 ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ 234 റൺസിന് യു.എ.ഇയെ തോൽപ്പിച്ച് ഇന്ത്യ

95 പന്തുകളിൽ 171 റൺസ് നേടി വൈഭവ് സൂര്യവംശി

ദുബായ് : അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ യു.എ.യെ 234 റൺസിന് തകർത്ത് ഇന്ത്യ. ഇന്നലെ ദുബായ്‌യിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 433/6 എന്ന സ്കോർ ഉയർത്തിയ ശേഷം യു.എ.ഇയെ 199/7ൽ ഒതുക്കുകയായിരുന്നു. 95 പന്തുകളിൽ ഒൻപത് ഫോറുകളും 14 സിക്സുകളുമടക്കം 171 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് വൻവിജയം നൽകിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്ടൻ ആയുഷ് മാത്രയെ (4) തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാൽ കോട്ടയത്തുകാരനായ ആരോൺ ജോർജിനെയും (69) വിഹാൻ മൽഹോത്രയേയും (69) കൂട്ടുനിറുത്തി വൈഭവ് കത്തിക്കയറി. വൈഭവും ആരോണും ചേർന്ന് 212 റൺസിന്റെ കൂട്ടുകെട്ടാണ് 146 പന്തുകളിൽ സൃഷ്ടിച്ചത്. 33-ാംഓവറിൽ ടീമിനെ 265ലെത്തിച്ച ശേഷമാണ് വൈഭവ് മടങ്ങിയത്. തുടർന്ന് വിഹാൻ, വേദാന്ത് ത്രിവേദി(38), അഭിഞ്ജാൻ കുണ്ടു (32*),കനിഷ്ക് ചൗഹാൻ (28) എന്നിവർ ചേർന്ന് 400കടത്തി.

മറുപടിക്കിറങ്ങിയ യു.എ.ഇ നിരയിൽ 78 റൺസടിച്ച ഉദിഷ് സൂരിക്കും 50 റൺസടിച്ച പൃഥ്വി മധുവിനും മാത്രമാണ് പിടിച്ചുനിൽക്കാനായത്. വൈഭവാണ് മാൻ ഒഫ് ദ മാച്ച്. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

56

പന്തുകളാണ് യു.എ.ഇക്കെതിരെ സെഞ്ചറി തികയ്ക്കാൻ വൈഭവിന് വേണ്ടിവന്നത്.

2

യൂത്ത് ഏകദിനത്തിലെ വൈഭവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്.ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 143 റൺസ് നേടിയിരുന്നു.

171

വൈഭവിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് വൈഭവ് കുറിച്ചത്. 2002ൽ ഇംഗ്ലണ്ടിനെതിരെ 177 റൺസ് നേടിയ അമ്പാട്ടി റായിഡു ആണ് ഒന്നാമത്. മൊത്തം റൺവേട്ടക്കാരിൽ, ഈ വർഷം ജൂലൈയിൽ ഇരട്ടസെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാൻ ഷാൽക്വിക്കാണ് (215) ഒന്നാമത്.

TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY