
ഹാർദിക് സിംഗിന് ഖേൽ രത്ന ശുപാർശ
ന്യൂഡൽഹി : രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിനായി സെലക്ഷൻ കമ്മറ്റി ഇന്ത്യൻ പുരുഷ ഹോക്കി ടീം വൈസ് ക്യാപ്ടൻ ഹാർദിക് സിംഗിനെ ശുപാർശ ചെയ്തു. മലയാളികളായ അത്‌ലറ്റ് പി.അഫ്സൽ, ബാഡ്മിന്റൺ ഡബിൾസ് താരം ട്രീസ ജോളി എന്നിവരടക്കം 24കായിക താരങ്ങളെ അർജുന അവാർഡിനായും ശുപാർശ ചെയ്തു. ഒളിമ്പിക് മെഡലിസ്റ്റുകളായ ഗഗൻ നാരംഗ്, സോമയ,മുൻ ബാഡ്മിന്റൺ താരം അപർണ പോപ്പട്ട് എന്നിവരടങ്ങിയ സെലക്ഷൻ കമ്മറ്റിയാണ് കായികമന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചത്.
2021,2024 ഒളിമ്പിക്സുകളിലെ ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ പ്രധാനപങ്കുവഹിച്ച ഹാർദിക് 2023ലെ ഏഷ്യൻ ഗെയിംസിലെയും ഈ വർഷത്തെ ഏഷ്യാ കപ്പിലെയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലേയും സ്വർണനേട്ടത്തിലും പ്രധാന പങ്കുവഹിച്ചു. യോഗാസന അത്‌ലറ്റ് ആർതി പാലിന് അർജുന അവാർഡ് ശുപാർശ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് യോഗാസന താരത്തിന് അർജുന ശുപാർശ ലഭിക്കുന്നത്. അത്‌ലറ്റിക്സിൽ നിന്ന് അഫ്സലിനെക്കൂടാതെ പ്രിയങ്ക ഗോസ്വാമി, തേജസ്വി ശങ്കർ എന്നിവർക്കും ശുപാർശ ലഭിച്ചു. ഇക്കുറിയും ക്രിക്കറ്റ് താരങ്ങളെ അവാർഡിനായി ശുപാർശ ചെയ്തിട്ടില്ല. പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡിനും ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് അവാർഡിനും സെലക്ഷൻ കമ്മറ്റി ശുപാർശ സമർപ്പിച്ചിട്ടില്ല.
അർജുന ശുപാർശകൾ
അഫ്സൽ.പി, തേജസ്വിൻ ശങ്കർ, പ്രിയങ്ക (അത്‌ലറ്റിക്‌സ്), നരേന്ദർ (ബോക്‌സിംഗ്), വിദിത് ഗുജറാത്തി, ദിവ്യ ദേഷ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ബധിര ഷൂട്ടിംഗ്), പ്രണതി നായ്ക് (ജിംനാസ്റ്റിക്‌സ്), രാജ്കുമാർ പാൽ, ലാൽറെംസിയാമി (ഹോക്കി), സുർജീത്, പൂജ (കബഡി), നിർമ്മല ഭട്ടി (ഖോ ഖോ), രുദ്രാൻഷ് ഖണ്ഡേൽവാൾ (പാര-ഷൂട്ടിംഗ്), ഏക്ത ഭയാൻ (പാര-അത്‌ലറ്റിക്‌സ്), പത്മനാഭ് സിംഗ് (പോളോ), അരവിന്ദ് സിംഗ് (റോവിംഗ്), അഖിൽ ഷെയ്റോൺ (ഷൂട്ടിംഗ്), മെഹുലി ഘോഷ് (ഷൂട്ടിംഗ്), സുതിർത്ഥ മുഖർജി (ടേബിൾ ടെന്നീസ്), സോനം മാലിക് (ഗുസ്തി), ആരതി പാൽ (യോഗാസനം), ട്രീസ ജോളി (ബാഡ്മിന്റൺ), ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൺ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |