
ഇന്ത്യയിലേക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ബംഗ്ളാദേശ്
ഢാക്ക : മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അടുത്തമാസം തുടങ്ങുന്ന ട്വന്റി-20ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്. ഇന്നലെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൺസിലുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ ഇന്ത്യയിലേക്ക് തങ്ങളുടെ താരങ്ങളെ അയയ്ക്കാൻ സുരക്ഷാ കാരണങ്ങളാൽ കഴിയില്ലെന്ന് അറിയിച്ചതായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിറക്കി. തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തണമെന്ന് വീണ്ടും അഭ്യർത്ഥിച്ചതായും ബി.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ ഇന്ത്യയിൽ ഒരു സുരക്ഷാപ്രശ്നവുമില്ലെന്നും മത്സരവേദി മാറ്റാനാകില്ലെന്നുമുള്ള നിലപാടാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സ്വീകരിച്ചത്. പ്രശ്നപരിഹാരത്തിന് കൂടുതൽ ചർച്ചകൾക്ക് ഐ.സി.സി തയ്യാറാണെന്ന് ബി.സി.ബിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്താഫിസുറിനെ ഐ.പി.എല്ലിലെടുത്തതിൽ വ്യാപക പ്രതിഷേധമുണ്ടായി. കൊൽക്കത്ത ഉടമ ഷാറൂഖ് ഖാനെതിരെയും വിമർശമുണ്ടായി. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുസ്താഫിസുറിനെ ടീമിൽനിന്നു നീക്കാൻ ബി.സി.സി.ഐ നൈറ്റ്റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്. നൈറ്റ്റൈഡേഴ്സ് ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുസ്താഫിസുറിനെ ടീമിൽ നിന്ന് റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം തന്നെ വഷളാകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്.
4 കളികൾ
ബംഗ്ളാദേശിന്റെ പ്രാഥമിക റൗണ്ടിലെ നാലുമത്സരങ്ങളാണ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |