
ഇന്ത്യ- ന്യൂസിലാൻഡ് രണ്ടാം ഏകദിനം ഇന്ന് രാജ്കോട്ടിൽ
വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
രാജ്കോട്ട് : മൂന്നുമത്സര പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വിജയം. പരമ്പര കൈവിട്ടുപോകാതിരിക്കാൻ ന്യൂസിലാൻഡിന് വേണ്ടതും വിജയം. ഇരുടീമുകളും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് രാജ്കോട്ടിൽ നടക്കുമ്പോൾ ആര് രാജാവാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞദിവസം വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 300/8 എന്ന സ്കോർ ഒരോവർ ബാക്കിനിൽക്കേ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ ചേസ് ചെയ്യുകയായിരുന്നു. ഓപ്പണർമാരായ ഡെവോൺ കോൺവേ(56), ഹെൻറി നിക്കോൾസ് (62), മിച്ചൽ ബ്രേസ്‌വെൽ(82) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കിവീസ് 300ലെത്തിയത്. വിരാട് കൊഹ്‌ലി(93), ശുഭ്മാൻ ഗിൽ(56), ശ്രേയസ് അയ്യർ (49), കെ.എൽ രാഹുൽ (29*), ഹർഷിത് റാണ (29), രോഹിത് ശർമ്മ (26) എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. വിരാട് പുറത്തായശേഷം അൽപ്പമൊന്ന് പതുങ്ങിയെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റുചെയ്ത രാഹുലും റാണയും വിജയത്തിലേക്ക് അടുപ്പിച്ചു.
സുന്ദർ ഇല്ല, ബദോനി ടീമിൽ
കഴിഞ്ഞ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ആൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് ബദോനിക്ക് അരങ്ങേറ്റത്തിന് അവസരം നൽകുമോ എന്നുറപ്പില്ല. ടീമിൽ നേരത്തേയുള്ള ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കാനാണ് സാദ്ധ്യത. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗും കളിച്ചേക്കും. കിവീസ് ടീമിൽ ഇന്ത്യൻ വംശജനായ സ്പിന്നർ ആദിത്യ അശോകിന് പകരം ജെയ്ഡൻ ലെന്നോക്സിനെ കളിപ്പിച്ചേക്കും.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ),രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ,കെ.എൽ രാഹുൽ,നിതീഷ് കുമാർ റെഡ്ഡി / ആയുഷ് ബദോനി, രവീന്ദ്ര ജഡേജ, ഹർഷിത് റാണ,കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്,സിറാജ്.
ന്യൂസിലാൻഡ് : ഡെവോൺ കോൺവേയ്, ഹെൻറി നിക്കോൾസ്,വിൽ യംഗ്,ഡാരിൽ മിച്ചൽ,ഗ്ളെൻ ഫിലിപ്പ്സ്, മിച്ചൽ ബ്രേസ്‌വെൽ (ക്യാപ്ടൻ),ക്രിസ്റ്റ്യൻ ക്ളാർക്ക്, കൈൽ ജാമീസൺ, സാക്ക് ഫ്ളോക്ക്സ്, ആദിത്യ അശോക്/ജെയ്ഡൻ ലെന്നോക്സ്.
പിച്ചും ടോസും
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് രാജ്കോട്ടിലേത്. വഡോദരയിലേതുപോലെ വലിയ മഞ്ഞ് രാജ്കോട്ടിലും ഉണ്ടാകാനിടയില്ല. ചേസ് ചെയ്യുന്ന ടീമിന് അധിക അനുകൂല്യം ലഭിക്കാനുമിടയില്ല. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്താലും അത്ഭുതപ്പെടേണ്ടതില്ല.
9
ന്യൂസിലാൻഡിന്റെ ഒൻപത് ഏകദിനങ്ങളിലെ വിജയത്തുടർച്ചയ്ക്കാണ് വഡോദരയിൽ ഇന്ത്യ അറുതി വരുത്തിയത്.
1.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |