യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ നിർണായക പോരാട്ടം
മ്യൂണിക്ക്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ ബാഴ്സലോണയ്ക്ക് ബേയൺ മ്യൂണിക്കിനെതിരെ ഇന്ന് രാത്രി ജീവന്മരണ പോരാട്ടം.കളിച്ച 5 മത്സരങ്ങളും ജയിച്ച് 15 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബയേൺ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ 7 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് നോക്കൗട്ട് റൗണ്ടിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 5 പോയിന്റുമയി മൂന്നാം സ്ഥാനത്തുള്ള ബെൻഫിക്കയാണ് ബാഴ്സയ്ക്ക് വെല്ലുവിളി തീർക്കുന്നത്. ഇന്ന് രാത്രി 1.30 മുതൽ ബയേണിന്റെ മൈതാനമായ മ്യൂണിക്കിലെ അല്ലിയൻസ് അരീനയിൽ ബയേണിനെ തോൽപ്പിക്കാനായാൽ ബാഴ്സയ്ക്ക് ഒന്നും പേടിക്കാനില്ല. അവർക്ക് മറ്റൊന്നും നോക്കാതെ അടുത്ത റൗണ്ടിലേക്ക് കടക്കാം. എന്നാൽ സമീപകാലത്ത് ബയേണിനെതിരെയുള്ള മോശം റെക്കാഡും ടീമിന്റെ നിലവിലെ ഫോമും കാറ്റലൻമാർക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസം ലാലഗിയിൽ റയൽ ബെറ്റിസിനോട് ഒരു ഗോളിന് തോറ്റതിന്റെ ക്ഷീണവുമായാണ് ബാഴ്സ ബയേണിനെ നേരിടുന്നത്.
ബയേണിനെതിരെ പരാജപ്പെട്ടാലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്ക ഡൈനാമോ കീവിനോട് തോറ്രാൽ ബാഴ്സയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ബയേണിനെതിരെ ബാഴ്സ സമനില നേടുകയും ബെൻഫിക്ക ഡൈനാമോയെ തോൽപ്പിക്കുകയും ചെയ്താൽ രണ്ട് ടീമിനും 8 പോയിന്റ് വീതമാകും.നേരത്തെ നേർക്കു നേർ പോരാട്ടത്തിൽ ബാഴ്സയെ തോൽപ്പിക്കാനായതിന്റെ പിബലത്തിൽ ബെൻഫിക്ക നോക്കൗട്ടിലേക്ക് മുന്നേറും.
ഇതിഹാസ താരം സാവിയുടെ ശിക്ഷണത്തിൽ ബാഴ്സ നോക്കൗട്ട് കടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഴ്സയുടെ ഭാവിക്കായി ആകാംഷയോടെ കാത്തരിക്കുകയാണ് ഫുട്ബാൾ ലോകം. ഇന്ന് രാത്രിയിലെ മത്സരങ്ങളോടെ ഇത്തവണത്തെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും.
ഇന്നത്തെ ഫിക്സ്ചർ
യുവന്റസ് -മാൽമോർ
(രാത്രി 11.15 മുതൽ, സോണിടെൻ1)
സെനിത്ത് -ചെൽസി
(രാത്രി 11.15 മുതൽ സോണിടെൻ2)
ബയേൺ -ബാഴ്സ
(രാത്രി 1.30 മുതൽ, സോണിടെൻ2)
മാൻ.യുണൈറ്റഡ് -യംഗ് ബോയ്സ്
(രാത്രി 1.30 മുതൽ, സോണി 1)
അറ്റ്ലാന്റ -വിയ്യാറയൽ
(രാത്രി 1.30 മുതൽ സോണിസിക്സ്)
വോൾഫ്സ്ബർഗ്- ലില്ലെ
(രാത്രി 1.30 മുതൽ,സോണിടെൻ3)
ബെൻഫിക്ക-ഡൈനാമോ
(രാത്രി 1.30 മുതൽ, സോണി ലൈവ്)
സാൽസ്ബുർഗ്-സെവിയ്യ
(രാത്രി 10.30 മുതൽ,സോണി ലൈവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |