ബാഴ്സലോണ, റയൽ മാഡ്രിഡ് ,അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾക്ക് കൊവിഡ്
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കൂടുതൽ ടീമുകളിലേക്ക് കൊവിഡ് വ്യാപിക്കുന്നു. ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളിലെ താരങ്ങൾക്കു പിന്നാലെ കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡ് നിരയിൽ പരിശീലകൻ ഡീഗോ സിമിയോണി ഉൾപ്പെടെ അഞ്ചു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സിമിയോണിക്കു പുറമേ ക്യാപ്ടൻ കോക്കെ, മിഡ്ഫീൽഡർ ഹെക്ടർ ഹെരേര, സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാൻ, യാവോ ഫെലിക്സ് എന്നിവർക്കാണ് രോഗബാധ. ഇവരിലാർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ക്ലബ് അറിയിച്ചു. എല്ലാവരും ഐസലേഷനിലാണ്. നാളെ റയോ വയ്യേക്കാനോയുമായി മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് അത്ലറ്റിക്കോ പരിശീലകനും ക്യാപ്ടനും ഉൾപ്പെടെയുളള്വർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 18 കളികളിൽനിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് കനത്ത തിരിച്ചടിയാണ് കൊവിഡ് വ്യാപനം.
ബാഴ്സലോണ നിരയിൽ ഒട്ടേറെ താരങ്ങൾ ഇതിനകം കൊവിഡിന്റെ പിടിയിലായി. ഫിലിപ്പെ കുടീഞ്ഞോ, പ്രതിരോധനിരയിലെ സെർജിനോ ഡെസ്റ്റ്, വിംഗർ എസ് അബ്ഡേ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നാളെ റയൽ മയ്യോർക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഒസ്മാനെ ഡെംബെലെ, സാമുവൽ ഉമിറ്റിറ്റി, ഗാവി തുടങ്ങിയവർക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായിരിക്കെയാണ് കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്ലെമന്റ് ലാംഗലെറ്റ്, ഡാനി ആൽവ്സ്, ജോർഡി ആൽബ, അലെജാൻദ്രോ ബാൽഡെ തുടങ്ങിയവർക്കും ഈ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡിസംബർ 21ന് സെവിയ്യയ്ക്കെതിരെ സമനില വഴങ്ങിയ ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത ബാഴ്സ, 18 കളികളിൽനിന്ന് 28 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്.
റയൽ മാഡ്രിഡ് നിരയിലും ഒട്ടേറെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെർബിയൻ താരം ലൂക്കാ ജോവിച്ചിനാണ് ഏറ്റവുമൊടുവിൽ റയൽ നിരയിൽ കൊവിഡ് സ്ഥിരീകരിച്ചത്. തിബോ കുർട്ടോ, ഫെഡെറിക്കോ വാൽവെർദെ, എഡ്വാർഡോ കാമവിംഗ, വിനീഷ്യസ് ജൂനിയർ തുടങ്ങിയവർക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർക്കു പുറമേ ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, മാർക്കോ അസെൻഷ്യോ, ഗാരേത് ബെയ്ൽ, മാഴ്സലോ, ആൻഡ്രി ലുനിൻ, ഇസ്കോ, ഡേവിഡ് അലാബ തുടങ്ങിയവർക്കും ഈ മാസം തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |