സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു,മിഡ്ഫീൽഡർ ജിജോ ജോസഫ് ക്യാപ്ടൻ
കോഴിക്കോട്: കാൽപ്പന്തിനെ ഹൃദയത്തിലേറ്റിയ മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ്ട്രോഫി തിരിച്ചു പിടിക്കാൻ ബൂട്ടുകെട്ടുന്ന കേരളത്തെ തൃശൂർ സ്വദേശി ജിജോ ജോസഫ് നയിക്കും. ഐ ലീഗിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചവരെയും ഐ.എസ്.എൽ ടീമുകളുടെ ഭാഗമായവരെയും ഉൾപ്പെടുത്തി 20 അംഗ കേരള ടീമിനെ ഇന്നലെ കോഴിക്കോട്ട് പ്രഖ്യാപിച്ചു.
എസ്.ബി.ഐ താരമായ ജിജോയ്ക്കൊപ്പം മുൻ ഐ ലീഗ്,ഐ.എസ്.എൽ താരമായ അർജുൻ ജയരാജ്, ഐ.ലീഗ് താരങ്ങളായ റാഷിദ്, സൽമാൻ തുടങ്ങിവരടങ്ങിയ മദ്ധ്യനിരയാണ് കേരളത്തിന്റെ കരുത്ത്. കെ.പി.എല്ലിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട എം.വിഘ്നേഷ് മുന്നേറ്റ നിരയിൽ കളിക്കും. 13 പേർ പുതുമുഖങ്ങളാണ്. മലപ്പുറത്ത് നിന്ന് ആറ് പേരും എറണാകുളത്ത് നിന്ന് അഞ്ച് പേരും ടീമിലിടം നേടി.
16ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് ഫുട്ബാൾ സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. മേയ് രണ്ടിനാണ് ഫൈനൽ. 2018ലാണ് കേരളം അവസാനമായി കിരീടം നേടിയത്.
കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി പി. അനിൽകുമാർ, മുഖ്യ സ്പോൺസറായ രാംകോ സിമന്റ് സീനിയർ ജനറൽ മാനേജർ രമേഷ് ഭരത്, മാർക്കറ്റിംഗ് സീനിയർ മാനേജർ പി.എം.സിജു, കെ.ഡി.എഫ്.എ പ്രസിഡന്റ് പി.രഘുനാഥ്, കെ.എഫ്.എ വൈസ് പ്രസിഡന്റ് അബ്ദുൽ കരിം, ട്രഷറർ എം.ശിവകുമാർ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്.
" അറ്റാക്കിംഗ് ഫുട്ബാളാണ് കളിക്കുക. കളിയുടെ ഗതിവേഗം കൂട്ടാനും കുറയ്ക്കാൻ സാധിക്കുന്ന മിഡ്ഫീൽഡാണ് കേരളത്തിന്റെ കരുത്ത്. 12-ാമനായ ആരാധകരുടെ കരുത്തും ഒപ്പമുണ്ട് ''
....... ബിനോ ജോർജ് (കോച്ച്)
" നൂറ് ശതമാനവും മികച്ച പ്രകടനം പുറത്തെടുക്കും. മികച്ച ടീമാണ്. ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സന്തോഷ്ട്രോഫി നേടുകയാണ് ലക്ഷ്യം"
............... ജിജോ ജോസഫ് ( ക്യാപ്ടൻ)
കേരള ടീം
ഗോൾകീപ്പർമാർ: വി. മിഥുൻ (കേരള യുണൈറ്റഡ്), എസ്.അജ്മൽ (കെ.എസ്.ഇ.ബി),
പ്രതിരോധനിര: ജി സഞ്ജു(കേരള പൊലീസ്), സോയൽ ജോഷി (അണ്ടർ 21 ഗോൾഡൺ ത്രെഡ്സ് എഫ്.സി), ബിപിൻ അജയൻ (ഗോൾഡൺ ത്രെഡ്സ് എഫ്.സി) , മുഹമ്മദ് സഹീഫ് (അണ്ടർ 21പറപ്പൂർ എഫ്.സി), അജയ് അലക്സ് (ഗോൾഡൺ ത്രെഡ്സ് എഫ്.സി), പി.ടി.മുഹമ്മദ് ബാസിത് (അണ്ടർ 21കേരള ബ്ലാസ്റ്റേഴ്സ്), മധ്യനിര: ജിജോ ജോസഫ് (ക്യാപ്റ്റൻ എസ്.ബി.ഐ), അർജുൻ ജയരാജ് (കേരള യുണൈറ്റഡ് എഫ്.സി), സൽമാൻ കള്ളിയത്ത്, പി. അഖിൽ (കേരള യുണൈറ്റഡ് എഫ്.സി), എം.ഫസലുറഹ്മാൻ( സാറ്റ് തിരൂർ), എൻ.എസ്. ഷിഖിൽ (അണ്ടർ 21 ബംഗളൂരു എഫ്.സി), പി.എൻ.നൗഫൽ (ബാസ്കോ ഒതുക്കങ്ങൽ), നിജോ ഗിൽബർട്ട് (കേരള ബ്ലാസ്റ്റേഴ്സ്), കെ. മുഹമ്മദ് റാഷിദ്(ഗോകുലം കേരള എഫ്.സി),
മുന്നേറ്റ നിര: എം.വിഘ്നേഷ്(കെ.എസ്.ഇ.ബി), ടി.കെ.ജെസിൻ(കേരള യുണൈറ്റഡ്), മുഹമ്മദ് സഫ്നാദ് (അണ്ടർ 21കേരള യുണൈറ്റഡ് എഫ്.സി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |