തിരുനന്തപുരം : ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അമ്പയറായി ഒരു മലയാളികൂടി. ഇന്ന് മൊഹാലിയിൽ നടക്കുന്ന പഞ്ചാബും ജമ്മു കാശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിലൂടെ തിരുവനന്തപുരം ബാലരാമപുരം മംഗലത്തുകോണം സ്വദേശി വിശ്വജിത്ത് ബാഹുലേയനാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 18 വർഷത്തോളമായി അമ്പയറിംഗ് ഫീൽഡിലുള്ള വിശ്വജിത്ത് 2015 മുതൽ ബി.സി.സി.ഐ പാനൽ അംഗമാണ്.
ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാരനായിരുന്ന വിശ്വജിത്ത് പിന്നീട് തന്റെ മേഖലയായി അമ്പയറിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മംഗലത്തുകോണം എസ്.എൻ.എ.എസ്.സി ഗ്രൗണ്ടിൽ ആൾറൗണ്ടറായി കളിതുടങ്ങിയ വിശ്വജിത്ത് 2014ൽ കേശവ്ഷെയറിന് വേണ്ടി 2014ൽ ട്രിവാൻഡ്രം ക്രാഡിൽ സി.സിക്കെതിരെ ട്വന്റി-20 മത്സരത്തിൽ ഇരട്ടസെഞ്ച്വറി(77പന്തുകളിൽ 207റൺസ്) നേടിയിരുന്നു.അതേവർഷം ട്രാവൻകൂർ ക്രിക്കറ്റ് യൂണിയന് വേണ്ടി സ്വിംഗേഴ്സിനെതിരെ പത്തുവിക്കറ്റുകളും നേടിയിരുന്നു.
2004-05 സീസണിൽ അന്നത്തെ കിഡ്സ് ക്രിക്കറ്റ് ക്ളബ് സെക്രട്ടറിയായിരുന്ന ഡോ.അനിൽകുമാറാണ് അമ്പയറിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ജില്ലാ പാനലിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ 2011ൽ സ്റ്റേറ്റ് അമ്പയറിംഗ് പാനലിലെത്തി. കെ.സി.എയുടെ വിവിധ ഏജ് ഗ്രൂപ്പിലുള്ള മത്സരങ്ങൾ നിയന്ത്രിച്ച വിശ്വജിത്ത് നാലുവർഷത്തിന് ശേഷം ബി.സി.സി.ഐ പാനലിലെത്തുകയും ചെയ്തു. ഇതിനിടയിൽ പ്രാദേശിക മത്സരങ്ങളിൽ കളിക്കാരനായും മികവ് കാട്ടി. ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയന്റെ ക്യാപ്ടൻ കൂടിയാണിപ്പോൾ. സംസ്ഥാനത്തെ പുതിയ അമ്പയർമാർക്ക് പരിശീലനക്ളാസുകൾ എടുക്കാറുമുണ്ട്.
ബി.സി.സി.ഐയുടെ എലൈറ്റ് പാനലിൽ അമ്പയറാവുകയും ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ടെസ്റ്റ് മത്സരം നിയന്ത്രിക്കുകയുമായാണ് വിശ്വജിത്തിന്റെ മോഹം. റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ ബാഹുലേയനാണ് പിതാവ്.അമ്മ :ബീന.അനുശ്രീയാണ് ഭാര്യ.
11
കേരളത്തിൽ നിന്നുള്ള പതിനാെന്നാമത്തെ ഫസ്റ്റ് ക്ളാസ് അമ്പയറാണ് വിശ്വജിത്ത് ബാഹുലേയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |