വിവാദങ്ങൾ ലോകകപ്പ് മത്സരങ്ങൾ വേദിയാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി
തിരുവനന്തപുരം: കോർപ്പറേഷന്റെ വിനോദ നികുതി വർദ്ധനവും കായികമന്ത്രിയുടെ പട്ടിണി പ്രസ്താവനയും കാര്യവട്ടത്തെ ഇന്ത്യാ-ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. ഇതിനകം 5000ത്തോളം ടിക്കറ്റ് മാത്രമെ വിറ്റുപോയിട്ടുള്ളൂവെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മത്സരത്തിന് രണ്ട് ദിവസം കൂടിയുണ്ടെങ്കിലും ഇന്നലെ ഇന്ത്യ പരമ്പര നേടിയതോടെ കാണികളുടെ ആവേശം കുറഞ്ഞത് ടിക്കറ്റ് വിൽപ്പനയെ ഇനിയും ബാധിച്ചേക്കുമെന്ന് സംഘാടകർ കരുതുന്നു.
ടാക്സ് കൂട്ടിയാലും വരവ് കുറയും
സെപ്തംബറിൽ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി മത്സരത്തിൽ അഞ്ചുശതമാനമായിരുന്ന വിനോദ നികുതി ഇത്തവണ 12ശതമാനമായാണ് വർദ്ധിപ്പിച്ചത്. എന്നാൽ ടിക്കറ്റ് വിൽപ്പനയിൽ ഇടിവുണ്ടായാൽ കഴിഞ്ഞ തവണ കിട്ടിയ നികുതി പോലും കിട്ടാത്ത സ്ഥിതിവരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ മത്സരത്തിൽ നിന്ന് കോർപ്പറേഷന് നികുതിയായി 22ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ഇപ്പോഴത്തെ ടിക്കറ്റ് വിൽപ്പന കണക്കനുസരിച്ച് ആറുലക്ഷത്തോളം രൂപയേ കോർപ്പറേഷന് കിട്ടുകയുള്ളൂ.
അതേസമയം ഈ വിവാദം ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |