
പ്യോംഗ്യാംഗ്: കർശന നിയന്ത്രണങ്ങളും വിലക്കുകളും നിയമങ്ങളുമുള്ള രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കഠിന നിയമങ്ങൾക്കുള്ളിലാണ് പൗരന്മാർ ജീവിക്കുന്നത്. നിയമലംഘകർക്ക് കനത്ത ശിക്ഷ നേരിടേണ്ടതായും വരും. ഇപ്പോഴിതാ പത്തുവർഷത്തെ കഠിനശ്രമങ്ങൾക്കുശേഷം ഒരു കുടുംബം രാജ്യത്തുനിന്ന് രക്ഷപ്പെട്ടതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
2023 മേയ് ആറിന് രാത്രി ഒൻപതംഗ കിം കുടുംബം ഉത്തര കൊറിയൻ തീരത്തുനിന്ന് ഒരു ചെറുബോട്ടിലാണ് രാജ്യം വിട്ടത്. രണ്ട് മണിക്കൂർ തുഴഞ്ഞ് ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിലുള്ള തർക്ക സമുദ്ര അതിർത്തിയായ നോർത്തേൺ ലിമിറ്റ് ലൈൻ സുരക്ഷിതമായി കടക്കുകയായിരുന്നു.
കുടുംബത്തിലെ ഗൃഹനാഥനാണ് രക്ഷപ്പെടുന്നതിനായി ആദ്യം പദ്ധതിയിട്ടതും കടൽ മാർഗം രക്ഷപ്പെടാമെന്ന് നിർദേശിച്ചതും. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് അദ്ദേഹം മരണപ്പെട്ടു. തുടർന്ന് മക്കളായ കിം ഇൽ ഹ്യോക്കും കിം യി ഹ്യോക്കും പദ്ധതിയുമായി മുന്നോട്ടുപോയി. രക്ഷപ്പെടുമ്പോൾ പിതാവിന്റെ മൃതദേഹവും ഇവർ ഒപ്പം കൊണ്ടുപോയിരുന്നു.
പദ്ധതി പ്രകാരം കിം യി ഹ്യോക് തീരത്തേക്ക് താമസം മാറി. മീൻ പിടിക്കാൻ പഠിച്ചു. സ്വന്തമായി ഒരു ബോട്ട് വാങ്ങി. കൈക്കൂലി നൽകി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചു. കനത്ത പട്രോളിംഗ് ഉള്ള അതിർത്തി ജലാശയങ്ങളിലേക്ക് മത്സ്യത്തൊഴിലാളികളായി വേഷമിട്ട് സഹോദരന്മാർ ആവർത്തിച്ച് യാത്ര ചെയ്തു. പട്രോളിംഗ് പാറ്റേണുകൾ നിരീക്ഷിച്ചു.
സംഭവദിവസം രാത്രിയിൽ ഉത്തര കൊറിയയിലുടനീളം വീശിയ വസന്തകാല കൊടുങ്കാറ്റ് അവർ കാത്തിരുന്ന സാഹചര്യങ്ങൾ ഒരുക്കി. കൊടുങ്കാറ്റുമൂലം റഡാറിന്റെ ദൃശ്യപരത കുറഞ്ഞിരുന്നു. പട്രോളിംഗും മന്ദഗതിയിലായിരുന്നു. ഇത് മുതലെടുത്ത് സഹോദരന്മാർ കാവൽക്കാർക്ക് കൈക്കൂലി നൽകിയാണ് യാത്ര തിരിച്ചത്.
അഞ്ച് മാസം ഗർഭിണിയായിരുന്ന കിം ഇൽ ഹ്യോക്കിന്റെ ഭാര്യ ഉൾപ്പെടെയുള്ള സംഘത്തിലെ സ്ത്രീകൾക്ക് ആദ്യം കാൽനടയായി ഒരു മൈൻഫീൽഡ് കടക്കേണ്ടിവന്നിരുന്നു. വളരെ മുമ്പുതന്നെ വഴി മനഃപാഠമാക്കിയായിരുന്നു നടത്തം. നാലും ആറും വയസുള്ള രണ്ട് കൊച്ചുകുട്ടികളെ ചാക്കുകളിലാക്കി ഒളിപ്പിച്ചായിരുന്നു യാത്ര. കുട്ടികൾ നിശബ്ദരായിരുന്നു.
തുടർന്ന് ബോട്ടിൽ കയറിയ സംഘം റഡാറിൽ അവശിഷ്ടങ്ങൾ ഒഴുകി നീങ്ങുന്നത് പോലെ തോന്നിപ്പിക്കാൻ പാകത്തിനാണ് സഞ്ചരിച്ചത്. ആരും സംസാരിച്ചില്ല. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾക്കുശേഷം ഒടുവിലവർ ദക്ഷിണ കൊറിയയിലെ യോൺപ്യോങ് ദ്വീപിലെത്തി. ദക്ഷിണ കൊറിയൻ നാവിക കപ്പൽ അവരെ രക്ഷിച്ചു. എന്നാൽ 19 മാസങ്ങൾക്കുശേഷം ഒരു സ്കൂബ ഡൈവിംഗ് അപകടത്തിൽ കിം യി ഹ്യോക് മരണപ്പെട്ടു. കിൽ ഇൽ ഹ്യോക് ദക്ഷിണ കൊറിയയിൽ ഓഫീസറായി പരിശീലനം നേടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |