
ഇസ്ലാമാബാദ് : സമാധാന ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വീണ്ടും പാകിസ്ഥാനിലെത്തി. ശനിയാഴ്ച യു.എസ് പ്രതിനിധികൾ എത്തും മുൻപേ പാകിസ്ഥാനിൽ നിന്ന് ഒമാനിലേക്ക് മടങ്ങിയ ഇറാൻ സംഘമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇതോടെ ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് വിലയിരുത്തൽ
ശനിയാഴ്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തിയ അരാഗ്ചി സമാധാന കരാറിനുള്ള തങ്ങളുടെ ഉപാധികൾ സമർപ്പിച്ച ശേഷം രാത്രി ഒമാനിലേക്ക് പോയി. ഇതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള യു.എസ് പ്രതിനിധികളുടെ യാത്ര ട്രംപ് റദ്ദാക്കിയിരുന്നു. യു.എസ് സംഘത്തിന്റെ വരവിന് കാത്തുനിൽക്കാതെ അരാഗ്ചി മടങ്ങിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
പാകിസ്ഥാനിലെത്തിയ അരാഗ്ചി ഒമാനടക്കം ഗൾഫ് രാജ്യങ്ങളുടെ ഏകോപനത്തോടെ തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ ചട്ടക്കൂട് സുഹൃദ് രാജ്യങ്ങളുടെ സഹായത്തോടെ യു.എസിന് സമർപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം ഇറാനും യു.എസുമായി നേരിട്ടുള്ള ചർച്ചയ്ക്കുള്ള സാദ്ധ്യത കുറവാണെന്നാണ് പാക് അധികൃതർ അറിയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |