
ന്യൂഡൽഹി: രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ പാർട്ടി വിട്ട ഏഴ് രാജ്യസഭാ എം.പിമാരെ അയോഗ്യരാക്കാൻ ആം ആദ്മി പാർട്ടി നിയമവഴികൾ തേടുന്നു. അയോഗ്യരാക്കണമെന്ന ആവശ്യം രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ പരിഗണിക്കാനിടയില്ലെന്ന സൂചനയെ തുടർന്നാണിത്. ഇതിനൊപ്പം പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിൽ നേതാക്കൾ കൊഴിഞ്ഞുപോകുന്നത് തടയാനും നേതൃത്വം ശ്രമം തുടങ്ങി. ബി.ജെ.പിയിൽ ചേർന്ന ഏഴ് എം.പിമാരെ അയോഗ്യരാക്കാൻ രാജ്യസഭാ അദ്ധ്യക്ഷന് കത്ത് നൽകിയതായി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ഇന്നലെ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി തുടങ്ങിയ ഭരണഘടനാ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചെന്നും എം.പിമാരെ അയോഗ്യരാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എം.പിമാർ ബി.ജെ.പിയിൽ ചേർന്ന നടപടിയെ രാജ്യസഭാ അദ്ധ്യക്ഷൻ എതിർക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ കോടതി വഴി നീങ്ങാനും പാർട്ടി ആലോചിക്കുന്നു.
പാർട്ടി വിട്ട രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രംജിത് സാഹ്നി എന്നിവരെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ കൂടിക്കാഴ‌്ചയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്. എംപിമാരെ തിരിച്ചുവിളിക്കാൻ ചട്ടമില്ലെന്നിരിക്കെ എം.എൽ.എമാരെ ഡൽഹിയിലെത്തിച്ച് ശക്തി തെളിയിക്കലാണ് ലക്ഷ്യം.
ഛദ്ദയെ പിന്തുണയ്‌ക്കുന്ന 50 പഞ്ചാബി എം.എൽ.എമാർ പാർട്ടി വിടുമെന്ന വാർത്ത സഞ്ജയ് സിംഗ് തള്ളി. ബി.ജെ.പി പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണത്. പാർട്ടി വിട്ട നേതാക്കൾക്കെതിരെ പഞ്ചാബിൽ ജനവികാരം രൂക്ഷമായതിനാൽ ഒരു എം.എൽ.എയും സഹകരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചുമതല വഹിച്ച ചദ്ദയ്‌ക്കും സന്ദീപ് പഥക്കിനും എം.എൽ.എമാരുമായി നല്ല ബന്ധമുണ്ട്.
പഞ്ചാബിനുപുറമെ ഡൽഹി, ഗുജറാത്ത്, ഗോവ ഘടകങ്ങളിലും വിമത നീക്കമുണ്ടെന്നാണ് സൂചന. ഡൽഹിയിൽ, എം.എൽ.എ ആലി ഇഖ്ബാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാർട്ടി നിലപാട് എതിർത്തിരുന്നു. ഡൽഹിക്കും പഞ്ചാബിനും ശേഷം ആംആദ്‌മി പാർട്ടി വേരൂന്നാൻ ശ്രമിക്കുന്ന ഗുജറാത്തിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾ പിൻവാങ്ങിയത് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |