ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ. ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ സ്വാതി മലിവാൾ രംഗത്തെത്തിയത്. കെജ്‌രിവാൾ ഗുണ്ടായിസ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ മലിവാൾ 2024-ൽ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ചതായും ആരേപിച്ചു.
സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കാൻ തന്റെ മേൽ കടുത്ത സമ്മർദ്ദമുണ്ടായെന്നും കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ തനിക്ക് അവസരം നൽകിയില്ലെന്നും അവർ ആരോപിച്ചു. ആംആദ്മി എംപിമാരെ “രാജ്യദ്രോഹികൾ” എന്ന് മുദ്ര കുത്തി രാജ്യസഭയിൽ നിന്നും പുറത്താക്കിയ നടപടിയെയും സ്വാതി വിമർശിച്ചു .കെജ്‌രിവാളാണ് യഥാർഥ രാജ്യദ്രോഹിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിൽ വന്ന കെജ്‌രിവാൾ ഇപ്പോൾ ആദർശങ്ങളെല്ലാം ബലികഴിച്ചുവെന്നും സ്വാതി മലിവാൾ . ആം ആദ്മി പാർട്ടി ഇപ്പോൾ ഭരിക്കുന്ന പഞ്ചാബിനെ അവരുടെ 'പേഴ്‌സണൽ എടിഎം' ആയാണ് കാണുന്നതെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും സ്വാതി മലിവാൾ വ്യക്തമാക്കി. മോദി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണെന്നും വനിതാ സംവരണ ബില്ലും നക്‌സലിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ഉൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |