ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. വാണിജ്യാവശ്യങ്ങള്‍ക്കായി ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് മതിയെന്നും പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്കയെ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടുകയോ എന്നന്നേക്കുമായി നിര്‍ത്തുകയോ ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് വിവിധ ഇറാനിയന്‍ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം മാത്രം ആണവശേഖരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം.
അതേസമയം ഇറാന്റെ നിര്‍ദേശത്തോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരാനാണ് ട്രംപിന്റെ താല്‍പര്യം.
അതേസമയം, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ ഏപ്രില്‍ ആദ്യവാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രധാന വിഷയങ്ങളില്‍ ഇതുവരെ ധാരണയായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |