ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുകയാണ്. ഇന്നലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ബഹാവൽപൂരിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വാൾസ്ട്രീറ്റ് ജേണലിലെ അമേരിക്കൻ ജൂത മാദ്ധ്യമപ്രവർത്തകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും അബ്ദുൾ റൗഫാണ്. 2002ൽ ആയിരുന്നു പേളിനെ ക്രൂരമായി വധശിക്ഷയ്ക്ക് ഇരയാക്കിയത്. 2007ൽ ആണ് റൗഫ് ജയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡറായി സ്ഥാനം ഏറ്റെടുത്തത്. 1999ൽ കാണ്ഡഹാർ വിമാനം റാഞ്ചിയതിന് ശേഷമാണ് സഹോദരൻ മസൂദ് അസറിനെ ഇന്ത്യൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത്. 2001 പാർലമെന്റ് ആക്രമണം, 2008 മുംബയ് ഭീകരാക്രമണം, 2016 പത്താൻകോട്ട് ഭീകരാക്രമണം, 2019 പുൽവാമ എന്നിങ്ങനെയുള്ള ആക്രമണങ്ങളിൽ എല്ലാം അബ്ദുൽ റൗഫിന് വ്യക്തമായ പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |