ലണ്ടൻ: ലണ്ടനിൽ കുടിയേറ്റക്കാർ ആധിപത്യം പുലർത്തുകയാണെന്ന് ആരോപിച്ച് യുകെയിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ റാലിയെ പിന്തുണച്ച് ടെസ്ല സ്ഥാപകനും എക്സ് ഉടമയുമായ എലോൺ മസ്‌ക്. ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാമെന്നും അദ്ദേഹം ബ്രിട്ടീഷുകാരോട് ആഹ്വാനം ചെയ്തു. ഒരു വീഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുകെ സർക്കാർ പൗരന്മാരെക്കാൾ കുടിയേറ്റക്കാർക്ക് മുൻഗണന നൽകുന്നുവെന്നും മസ്‌ക് ചൂണ്ടികാണിച്ചു. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ ഒന്നര ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകളും നടന്നു.
'നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. ബ്രിട്ടനിൽ ഒരു സർക്കാർ മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വർഷം കൂടി സമയം ബാക്കിയില്ല, എന്തെങ്കിലും ഉടനേ ചെയ്യേണ്ടതുണ്ട്. പാർലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം'. - മസ്‌ക് മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച ചാർളി കിർക്കിനെക്കുറിച്ചും മസ്ക് പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |