ന്യൂഡൽഹി: അമേരിക്കയും ഇന്ത്യയും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും യുഎസുമായുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ശുഭകരമായ വിലയിരുത്തലിനെയും പൂർണമായും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു' മോദി എക്സിൽ കുറിച്ചു. 'ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്.' അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും, നിലവിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളമത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. "ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയങ്ങളിൽ മാത്രമേ പ്രശ്നങ്ങളുള്ളു' ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകികൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ അവരെ അത് അറിയിച്ചു. ഇന്ത്യയ്ക്ക് ഞങ്ങൾ വളരെ വലിയ താരിഫ് ഏർപ്പെടുത്തി. 50 ശതമാനം തീരുവ. നിങ്ങൾക്കറിയാവുന്നതുപോലെ മോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹം രണ്ട് മാസം മുമ്പ് ഇവിടെ ഉണ്ടായിരുന്നു.' അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ-യുഎസ് ബന്ധം വഷളായതിനാൽ ഈ മാസം നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ സെപ്തംബർ 27 ന് ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎന്നിനെ അഭിസംബോധന ചെയ്യും.
ഇന്ത്യയെ പിന്തുണച്ചാൽ ബ്രിക്‌സ് കൂട്ടായ്മ ശക്തിപ്പെടാനുള്ള വഴിയൊരുക്കുമെന്ന മുന്നറിയിപ്പും ട്രംപിന് ലഭിച്ചിരുന്നു. ഒരു രാജ്യമെന്ന നിലയില്‍ തങ്ങളുടെ വ്യാപാര ബന്ധം ഏത് രാജ്യങ്ങളുമായി വേണമെന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്ന കാര്യമാണെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതോടെയാണ് ട്രംപ് ഇന്ത്യയുമായി ഇടയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |