
സിഡ്നി: സിഡ്നിയിൽ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്ടൻ ഗിൽ പരാജയപ്പെട്ടപ്പോൾ അവസരത്തിനൊത്ത് ടീമിനെ വിജയത്തിലേക്ക് ഉയർത്തി മുതിർന്ന താരങ്ങൾ. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. ഒമ്പത് വിക്കറ്റുകൾക്കാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ പോവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമയും വിരാട് കൊഹ്‌ലിയും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രോഹിത് ശർമ്മ തന്റെ തകർപ്പൻ ഫോം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്.
105 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ സെഞ്ച്വറി തികച്ചത്. ഏകദിനത്തിൽ രോഹിത്തിന്റെ 33ാം സെഞ്ച്വറിയാണിത്. കഴിഞ്ഞ രണ്ട് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായ വിരാട് കൊഹ്‌ലി മികച്ച പ്രകടനം കാഴ്ചവെക്കുകയും അർദ്ധ സെഞ്ച്വറി 74 (81) നേടുകയും ചെയ്തു. അതേസമയം ഏകദിനത്തിൽ സംഗക്കാരയെ മറികടന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കൊഹ്‌ലി. ഇനി താരത്തിന് മുന്നിൽ സച്ചിൻ മാത്രമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |