
പണം ഇരട്ടിപ്പിക്കുന്ന സ്‌കീമുകള്‍ അന്വേഷിക്കുന്നവര്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമായ ഒരു നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. മൊബൈല്‍ ബാങ്കിംഗ് ആപ്പില്‍ നാല് ക്ലിക്കിലൂടെ തുടങ്ങാം. രാജ്യത്ത് ഏകദേശം 250 കോടി ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും നാലിലൊന്ന് ഉപഭോക്താക്കള്‍ക്ക് പോലും ആര്‍.ഡി എന്നറിയപ്പെടുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്ല. അറിവില്ലായ്മയാണ് കാരണം. ബിറ്റ്‌കോയിനും ഡിജിറ്റല്‍ കറന്‍സിയും ഫ്യൂച്ചേഴ്‌സും തിളങ്ങുന്ന വിപണിയില്‍ ആര്‍.ഡിക്ക് എന്ത് പ്രസക്തിയെന്ന് തോന്നാം. എന്നാല്‍ ഇത്രയും സുരക്ഷിതവും ശക്തവും ലളിതവുമായ മറ്റൊരു നിക്ഷേപ പദ്ധതിയില്ല.
എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിക്കാം. പണത്തിന് അത്യാവശ്യം വന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാതെ വായ്പയും എടുക്കാം. റെക്കറിംഗ് ഡെപ്പോസിറ്റില്‍ മാസംതോറും ഒരു ചെറിയ തുക നിശ്ചിത വര്‍ഷക്കാലത്തേക്ക് സ്ഥിരമായി മുടങ്ങാതെ നിക്ഷേപിക്കണം. ഫിക്സഡ് ഡെപ്പോസിറ്റിനുള്ള പലിശ ഇവയ്ക്കും ലഭിക്കും. ഒരുവര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. തവണ മുടങ്ങിയാല്‍ ചെറിയ ഒരു തുക പിഴ ഈടാക്കും.
എവിടെ ചേരാം
ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പോസ്റ്റോഫീസിലും റെക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങാം. പ്രതിമാസം 100 രൂപ മുതല്‍ എത്ര തുകവേണമെങ്കിലും അടയ്ക്കാം. ഒരിക്കല്‍ തുകയും കാലാവധിയും നിശ്ചയിച്ചാല്‍ പിന്നീട് മാറ്റാനാകില്ല. എല്ലാ മാസവും പണം ബാങ്കുകളില്‍ നേരിട്ട് അടയ്ക്കാം. ചെക്ക് നല്‍കാം. ഓട്ടോ ഡെബിറ്റ് വഴിയും അടയ്ക്കാം.
ശ്രദ്ധിക്കേണ്ടത്
ശമ്പള അക്കൗണ്ടുള്ള ബാങ്കില്‍ റെക്കറിംഗ് ഡെപ്പോസിറ്റ് ചേരുന്നതാണ് നല്ലത്. ശമ്പള ദിനത്തില്‍ പണം ഡെബിറ്റ് ചെയ്യാനുള്ള ഓട്ടോ ഡെബിറ്റ് ഏര്‍പ്പെടുത്തിയാല്‍ നിശ്ചിത തുക ഓട്ടോമാറ്റിക്കായി റെക്കറിംഗ് ഡെപ്പോസിറ്റിലേക്ക് മാറും. അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ വലിയ ഒരു തുകയായി അക്കൗണ്ടില്‍ തിരിച്ചെത്തും.
പണം പെരുകുന്ന വഴി
നിക്ഷേപത്തിന് 6.25 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന ഒരു ബാങ്കിന്റെ റെക്കറിംഗ് ഡെപ്പോസിറ്റില്‍ പ്രതിമാസം 1000 രൂപ വീതം അഞ്ചുവര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 70,525 രുപ ലഭിക്കും. 10 വര്‍ഷം നിക്ഷേപിച്ചാല്‍ ലഭിക്കുക 1.66 ലക്ഷം രൂപയാണ്. ഇക്കാലയളവില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുടക്കുന്നത് യഥാക്രമം 60,000 രൂപയും 1.20 ലക്ഷം രൂപയും മാത്രമാണ്. പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 8.33 ലക്ഷം രൂപ ലഭിക്കും. ഇക്കാലയളവില്‍ മുടക്കുന്നത് ആറുലക്ഷം രൂപമാത്രം. പ്രതിമാസ നിക്ഷേപം 10,000 രൂപയാണെങ്കില്‍ 10 വര്‍ഷത്തില്‍ 16.66 ലക്ഷമായി വളരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |