
ആഗ്ര: നിയന്ത്രണം നഷ്ടമായ കാർ കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി അഞ്ച് മരണം. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഉത്തർപ്രദേശിലെ ആഗ്രയിലായിരുന്നു ദാരുണമായ സംഭവം.ബബ്ലി (33), ഭാനു പ്രതാപ് (25), കമൽ (23), കൃഷ്ണ (20), ബന്തേഷ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
അമിത വേഗതയിലെത്തിയ കാർ ആദ്യം ഒരു ബൈക്കിലിടിക്കുകയും തുടർന്ന് ഡിവൈഡറിലേക്ക് ഇടിച്ച ശേഷം റോഡരികിൽ നിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടമായ വാഹനം പിന്നീട് ഒരു മതിലിലിടിച്ചാണ് നിന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വലിയ ശബ്ദം കേട്ടു. ചെന്ന് നോക്കിയപ്പോൾ വാഹനത്തിനടിയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നാട്ടുകാർ എല്ലാവരും ചേർന്നാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായിരുന്നു. അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി', ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു.
അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ കാറോടിച്ചയാളെ വലിച്ചിറക്കി മർദിച്ചു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |