ന്യൂഡൽഹി: 2019ൽ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാനെ പിടികൂടിയ പാകിസ്ഥാൻ ഓഫീസർ മേജർ മോയിസ് അബ്ബാസ് ഷാ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മോയിസ് അബ്ബാസ് ഷാ ഉൾപ്പടെ 14 പാകിസ്ഥാൻ സെെനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഷാ ഉൾപ്പടെ ആറുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ സാരരോഗ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ യുദ്ധവിമാനമായ എഫ് 16 വെടിവച്ചിട്ട ശേഷമാണ് അഭിനന്ദൻ വർധമാൻ പാക് സെെന്യത്തിന്റെ പിടിയിലാകുന്നത്. അന്നത്തെ പാക് സെെന്യത്തിനൊപ്പം മേജർ മോയിസ് അബ്ബാസ് ഷായും ഉണ്ടായിരുന്നു. മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്നു. പാക് അധീന കാശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ ഷായുടെ നേതൃത്വത്തിലുള്ള പാക് സെെന്യം തടവിലാക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അഭിനന്ദനെ വിട്ടയക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |