ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സിന്ധു നദിയുടെ അടിത്തട്ടിൽ നിന്നും 80,000 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവെയിലാണ് സ്വർണശേഖരം കണ്ടെത്തിയതെന്നാണ് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന പാകിസ്ഥാന് ഇത് ആശ്വാസമാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്വർണഖനനം നടത്താനുള്ള പദ്ധതികൾക്ക് സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാനും (നെസ്‌പാക്) പഞ്ചാബിലെ മൈൻസ് ആന്റ് മിനറൽസ് വകുപ്പും ചേർന്നാണ് ഖനന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അറ്റോക്ക് ജില്ലയിലെ സിന്ധുനദിക്കരയിലുള്ള സ്വർണ ശേഖരം ഖനനം ചെയ്‌തെടുക്കുന്നതിന് ബിഡ്ഡിംഗ് രേഖകൾ തയ്യാറാക്കുന്നതിനും ഇടപാട്, അഡ്വൈസറി സേവനങ്ങൾക്കും വേണ്ടി കൂടിയാലോചനകൾ നടത്തുമെന്ന് നെസ്‌പാക് മാനേജിംഗ് ഡയറക്‌ടർ സർഗാം ഇഷാഖ് ഖാൻ പറഞ്ഞതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ഹിമാലയത്തിൽ നിന്നുള്ള സ്വർണശേഖരം സിന്ധുനദിയുടെ അടിത്തട്ടിൽ ശേഖരിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ഭൂഗർഭ ശാസ്‌ത്രജ്ഞർ പറയുന്നു. അവ ധാതുക്കളുടെ രൂപത്തിലോ കട്ടികളായോ അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്. നദിയുടെ ഒഴുക്ക് മൂലം അവയുടെ ആകൃതി പരന്നോ ഉരുണ്ടോ ഇരിക്കാൻ സാദ്ധ്യതയുണ്ട്. സിന്ധു നദീതടം ധാതുശേഖരത്തില്‍ സമ്പന്നമാണ്. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഉറവിടമായി ഇത് കരുതപ്പെടുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ വരെ പാകിസ്ഥാന്റെ സ്വര്‍ണ ശേഖരം 543 ബില്യൺ ഡോളറാണ്. വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുകയും കറൻസിയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍ ഈ സ്വര്‍ണശേഖരം രാജ്യത്തിന് നിര്‍ണായക സാമ്പത്തിക സഹായം നല്‍കും. മാത്രമല്ല, സിന്ധു നദീതടത്തിലെ ഖനന പദ്ധതി വിജയിച്ചാൽ പാകിസ്ഥാന്റെ സ്വർണ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ച് അന്താരാഷ്‌ട്ര തലത്തിലുള്ള സ്വാധീനം ഉയരുകയും ചെയ്യും. ഈ കണ്ടെത്തൽ രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കാനാകുമോ അതോ ഉപയോഗിക്കപ്പെടാനാവാത്ത വിഭവമായി തുടരുമോ എന്ന കാര്യത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തീരുമാനമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |