ബംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്‌ട്രീയ സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ, അർജുൻ റാം മെഘ്‌വാൾ, ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബിവൈ വിജയേന്ദ്ര തുടങ്ങിയവർ വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ബംഗളൂരു സൗത്തിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്. മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്. ബയോ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളേജിൽ നിന്ന് സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. 2014ൽ ശിവശ്രീ പാടി റെക്കോഡ് ചെയ്‌ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ ലഭിച്ചിരുന്നു.
കലയിലൂടെയും സംസ്കാരത്തിലൂടെയും ജനങ്ങളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച 'ആഹുതി ' എന്ന കൂട്ടായ്‌മയുടെ സ്ഥാപകയും ഡയറക്‌ടറുമാണ് ശിവശ്രീ. സംഗീതം, നൃത്തം, ചിത്രംവര, നെയ്ത്ത്, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയവ ആഹുതിയുടെ നേതൃത്വത്തില്‍ പരിശീലിപ്പിക്കുന്നുണ്ട്. ചിദംബരം നടരാജ സ്വാമി ക്ഷേത്രത്തിൽ 8000 നർത്തകരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച നൃത്താർച്ചനയ്‌ക്ക് 2018ൽ ഭരതകലാ ചൂടാമണി പുരസ്‌കാരം നൽകി ശിവശ്രീയെ ആദരിച്ചിരുന്നു. മുംബയ് ശങ്കരാലയ സമാജത്തിന്റെ ഭക്തിഗാന കോകില, ചെന്നൈ ഭരത കലാചരത്തിന്റെ യുവ കലാഭാരതി തുടങ്ങിയ അംഗീകാരങ്ങളും ശിവശ്രീ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |