
ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ കടന്നാക്രമണം തുടരുകയാണ്. ഇതിനിടെ ഏറെ ചർച്ചയാകുന്നത് ആക്രമണത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ സന്ദർശനം നടത്തിയതായിരുന്നു. ഇറാനെ ആക്രമിക്കുന്നതിനെക്കുറിച്ച് മോദിക്ക് അറിവുണ്ടായിരുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസർ. മോദി ടെൽ അവീവ് വിട്ടശേഷമാണ് യോജിച്ച അവസരം ലഭിച്ചതെന്നും അതിനുശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇസ്രയേൽ ആലോചിച്ചിരുന്നില്ല. അനുയോജ്യമായ സമയം ലഭിച്ചപ്പോൾ ആക്രമിച്ചുവെന്നതാണ് സത്യം. മോദിയുടെ സന്ദർശനസമയത്ത് പ്രാദേശിക വികസനത്തെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. മോദി ഇന്ത്യയിലേക്ക് മടങ്ങിപോയി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചത്. അതിനാൽതന്നെ മോദിയ്ക്ക് ആക്രമണത്തെക്കുറിച്ച് അറിയില്ല. ഫെബ്രുവരി 25,26 തീയതികളിലാണ് മോദി ഇസ്രയേലിൽ ഉണ്ടായിരുന്നത്. 28-ാം തീയതിയാണ് ഇറാനിനെതിരെ ആക്രമണം നടക്കുന്നത്'- റൂവെൻ അസർ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് മോദി യാത്ര നടത്തിയത്. സന്ദർശനവേളയിൽ ഇസ്രയേൽ പാർലമെന്റിനെയും മോദി അഭിസംബോധന ചെയ്തിരുന്നു. ഈ സമയം നരേന്ദ്ര മോദിയെ 'സഹോദരൻ" എന്നാണ് നെതന്യാഹു വിളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |