ലോസ്ആഞ്ചലസ്: ഇന്ന് വാലന്റൈൻസ് ഡേ. റോസാപ്പൂക്കൾ ഇല്ലാതെ എന്ത് വാലന്റൈൻസ് ഡേ ആഘോഷം. ? വാലന്റൈൻസ് വീക്ക് തുടങ്ങുന്നത് തന്നെ റോസ് ഡേയോടെ ആണ്. പ്രാചീന കാലം മുതൽ പ്രണയകഥകളിൽ റോസാപ്പൂക്കൾക്ക് പ്രത്യേക സ്ഥാനമാണ്. റോസാപ്പൂക്കളുടെ റെക്കാഡ് വില്പന നടക്കുന്ന ദിവസമാണ് ഇന്ന്. കടയിൽ നിന്ന് വിലകൂടിയ റോസാപ്പൂക്കൾ വാങ്ങി പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നവർ ഏറെയാണ്. പൂക്കളിലെ രാജ്ഞിയാണ് റോസ. എന്നാൽ റോസാപ്പൂക്കളിലെ രാജ്ഞി ആരാണെന്ന് അറിയാമോ ? ജൂലിയറ്റ്.! ലോകത്തെ അനശ്വര പ്രണയകഥകളിലൊന്നായ വില്യം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിലെ നായികയുടെ പേര് തന്നെയാണ് ലോകത്തെ ഏറ്റവും വില കൂടിയ പുഷ്പമായ ജൂലിയറ്റ് റോസിന് നൽകിയിരിക്കുന്നത്. കോടികളാണ് ജൂലിയറ്റ് റോസിന്റെ വില.! വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ബ്രിട്ടീഷുകാരനായ ഡേവിഡ് ഓസ്റ്റിൻ എന്നയാൾ വികസിപ്പിച്ച ജൂലിയറ്റ് റോസിനെ 2006ലാണ് ആദ്യമായി അവതരിപ്പിച്ചത്. പ്രത്യേക രീതിയിൽ വളർത്തിയെടുക്കുന്ന ജൂലിയറ്റ് റോസ് ചെടിക്ക് ഏകദേശം 130 കോടി രൂപ വരെയാണ് വില. ഓരോ വർഷവും ജൂലിയറ്റ് റോസിന്റെ വിലയിൽ മാറ്റമുണ്ടാകാറുണ്ട്. നിരവധി റോസാ ബ്രീഡുകളെ സംയോജിപ്പിച്ചാണ് ഡേവിഡ് ഓസ്റ്റിൻ ജൂലിയറ്റ് റോസ് വികസിപ്പിച്ചത്. 15 വർഷം കൊണ്ട് 5 മില്യൺ ഡോളർ ( 37 കോടി രൂപ ) ചെലവിൽ വികസിപ്പിച്ച ജൂലിയറ്റ് റോസിനെ 10 മില്യൺ പൗണ്ടിനാണ് ( 90 കോടി രൂപ) ഓസ്റ്റിൻ 2006ൽ വിറ്റത്. ഏപ്രികോട്ട് നിറമാണ് ജൂലിയറ്റ് റോസിന്. ആരെയും വിസ്മയിപ്പിക്കുന്ന പെർഫ്യൂമിന്റേത് പോലുള്ള സുഗന്ധമാണ് 40 ഇതളുകളുള്ള ജൂലിയറ്റ് റോസിന്. 15 ദിവസം കൊണ്ടാണ് ജൂലിയറ്റ് റോസ് ചെടി പൂക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |