വാഷിംഗ്ടൺ: യുക്രെയിനിൽ റഷ്യക്കെതിരെ പാശ്ചത്യ സൈന്യത്തിന്റെ പ്രത്യേക സൈനിക സംഘം പ്രവർത്തിക്കുന്നുവെന്ന് യു.എസ് രഹസ്യരേഖ. യു.കെയും യു.എസും അടക്കമുള്ള രാജ്യങ്ങളുടെ സൈന്യത്തെക്കുറിച്ച് പെന്റഗണിൽ നിന്ന് ചോർന്നതെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന രഹസ്യ രേഖകളിലാണ് ഈ പരാമർശം.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യു.എസിന്റെ ഇന്റലിജൻസ് വിവരങ്ങൾ എന്ന പേരിൽ ട്വിറ്ററിലും ടെലിഗ്രാമിലും പ്രത്യക്ഷപ്പെട്ട രഹസ്യരേഖകളിൽ യുക്രെയിനിലെ പോരാട്ടവുമായി ബന്ധപ്പെട്ട ഒട്ടേറെ നിർണായക വിവരങ്ങളുണ്ട്. അതീവ രഹസ്യമായ സൈനിക നീക്കങ്ങൾ പോലും ചോർന്ന രേഖകളിലൂടെ പുറത്തായി.
മാർച്ച് 23 തീയതിയിലുള്ള രേഖയിലാണ് യുക്രെയിനിലെ പാശ്ചാത്യ സ്പെഷ്യൽ ഫോഴ്സുകളെ പറ്റി പരാമർശമുള്ളത്. യു.കെയുടെ 50 സ്പെഷൽ ഫോഴ്സ് അംഗങ്ങൾ യുക്രെയിനിലുണ്ടെന്നാണ് റിപ്പോർട്ടിൽ. നാറ്റോ അംഗങ്ങളായ ലാത്വിയ ( 17 ), ഫ്രാൻസ് ( 15 ), യു.എസ് ( 14 ), നെതർലൻഡ്സ് ( 1 ) എന്നിങ്ങനെ സൈനികരും യുക്രെയിനിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരെ യുക്രെയിനിൽ എവിടെയാണ് വിന്യസിച്ചിട്ടുള്ളതെന്നോ ഇവരുടെ ദൗത്യം എന്താണെന്നോ രേഖകളിൽ ഇല്ല.
സൈനികരുടെ എണ്ണം സ്ഥിരമായിരുന്നോ എന്നും വ്യക്തമല്ല. യുക്രെയിനിൽ തീരെ ചെറിയ തോതിൽ യു.എസിന്റെ സ്പെഷ്യൽ ഫോഴ്സ് സാന്നിദ്ധ്യമുണ്ടെന്നും എന്നാൽ അത് തങ്ങളുടെ എംബസിയിലാണെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
യുക്രെയിനോട് മാത്രമല്ല നാറ്റോയോടും തങ്ങൾ പോരാടുകയാണെന്ന് റഷ്യ അടുത്തിടെ ആരോപിച്ചിരുന്നു. അതേ സമയം, രേഖകൾ സംബന്ധിച്ച് യു.കെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാൽ കൃത്യതയില്ലാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. യുക്രെയിന് ശക്തമായ പിന്തുണ നൽകുന്ന രാജ്യങ്ങളിലൊന്നാണ് യു.കെ. യു.എസിന് ശേഷം യുക്രെയിന് ഏറ്റവും കൂടുതൽ സൈനിക സഹായങ്ങളും നൽകുന്നത് യു.കെയാണ്.
അതേ സമയം, പെന്റഗണിന്റെ പേരിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട രേഖകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.എസ് ഉദ്യോഗസ്ഥർ. ഈ ഇന്റലിജൻസ് ചോർച്ചയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. യു.എസും ഇതിൽ വ്യക്തത നൽകിയിട്ടില്ലെങ്കിലും ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രയേൽ, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികൾക്ക് മേൽ യു.എസ് നടത്തുന്ന രഹസ്യ നിരീക്ഷണങ്ങളും രേഖകളിൽ പ്രതിപാദിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ചോർന്ന ചില ഇന്റലിജൻസ് രേഖകൾ ആധികാരികമാണെന്നും എന്നാൽ അവയിൽ ചില കൃത്രിമത്വം സൃഷ്ടിച്ചിട്ടുണ്ടെന്നും കരുതുന്നുണ്ട്.
അതീവ രഹസ്യരേഖകൾ ചോർന്നത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും പെന്റഗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |