ലോസ്ആഞ്ചലസ് : ലോകമെമ്പാടുമുള്ള വായനക്കാരിൽ ഭീതിയുടെ നിഴൽ വീഴ്ത്തിയ ക്ലാസിക് നോവലാണ് മേരി ഷെല്ലിയുടെ ' ഫ്രാങ്കൻസ്റ്റൈൻ; ഓർ, ദ മോഡേൺ പ്രോമിത്യൂസ് ( Frankenstein; or, The Modern Prometheus ) '. വിക്ടർ ഫ്രാങ്കൻസ്റ്റൈൻ എന്ന യുവ ശാസ്ത്രജ്ഞൻ സൃഷ്ടിച്ച ഫ്രാങ്കൻസ്റ്റൈൻ എന്ന ഭീകരസത്വത്തിന്റെ കഥപറയുന്ന ഈ ഗോഥിക് ഹോറർ നോവൽ ഒട്ടേറെ തവണ സിനിമയും നാടകവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫ്രാങ്കൻസ്റ്റൈനെ ആസ്പദമാക്കിയുള്ള ആദ്യ ശബ്ദ ചിത്രം 1931ൽ യൂണിവേഴ്സൽ പിക്ചേഴ്സ് നിർമിച്ച അതേ പേരിലുള്ള സിനിമയാണ്. ഈ ചിത്രത്തിന്റെ അപൂർവമായ ഒരു പോസ്റ്റർ അടുത്തിടെ പെൻസിൽവേനിയയിൽ കണ്ടെത്തിയിരുന്നു. ഈ പോസ്റ്റർ ഇപ്പോൾ വില്പനയ്ക്കൊരുങ്ങുകയാണ്. 92 വർഷം പഴക്കമുള്ള ഈ പോസ്റ്ററിന് 150,000 ഡോളർ മുതൽ 300,000 ഡോളർ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ടെക്സസിലെ ഡാലസ് ആസ്ഥാനമായുള്ള ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് പോസ്റ്റർ ലേലത്തിന് എത്തിച്ചിരിക്കുന്നത്.
ജെയിംസ് വെയ്‌ൽ സംവിധാനം ചെയ്ത ഫ്രാങ്കൻസ്റ്റൈനിൽ കോളിൻ ക്ലൈവാണ് ശാസ്ത്രജ്ഞനായി എത്തുന്നത്. ബോറിസ് കാർലോഫ് ഭീകര ജീവിയും. ദ ബ്രൈഡ് ഒഫ് ദ ഫ്രാങ്കൻസ്റ്റൈൻ ( 1935 ), സൺ ഒഫ് ഫ്രാങ്കൻസ്റ്റൈൻ ( 1942 ) , ദ ഗോസ്റ്റ് ഒഫ് ഫ്രാങ്കൻസ്റ്റൈൻ ( 1942 ) എന്നീ സീക്വലുകളും ചിത്രത്തിന് ഉണ്ടായി. ഇതിൽ ആദ്യത്തെ മൂന്ന് ചിത്രങ്ങളിൽ നടൻ ബോറിസ് കാർലോഫ് തന്നെയായിരുന്നു ആയിരുന്നു ഫ്രാങ്കൻസ്റ്റൈൻസ് മോൺസ്റ്റർ.
ആദ്യ കാലങ്ങളിൽ സിനിമാ പോസ്റ്ററുകൾ വ്യാപകമായി പ്രിന്റ് ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്തിരുന്നില്ല. അതിൽ പല ചിത്രങ്ങളുടെയും പോസ്റ്ററുകൾ ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടില്ല. അതിനാൽ ഫ്രാങ്കൻസ്റ്റൈൻ പോലുള്ള ക്ലാസിക് ചിത്രങ്ങളുടെ അപൂർവ പോസ്റ്ററുകൾക്ക് മൂല്യമേറുന്നു. ഫ്രാങ്കൻസ്റ്റൈന്റെ സ്റ്റൈൽ എ പോസ്റ്ററിന്റെ വെറും ഏഴ് കോപ്പികൾ മാത്രമായിരുന്നു അന്ന് അച്ചടിച്ചത്. ഇപ്പോൾ ലേലത്തിനെത്തിച്ചിരിക്കുന്ന പോസ്റ്റർ ഇതിലൊന്നാണ്. ഏകദേശം രണ്ട് ദശാബ്ദത്തിന് മുന്നേ ഒരു ഫ്രാങ്കൻസ്റ്റൈൻ പോസ്റ്റർ ലേലത്തിൽ പോയത് 189,750 ഡോളറിനാണ്.
ആരാണ് ഫ്രാങ്കൻസ്റ്റൈൻ ?
1816ൽ സ്വിറ്റ്സർലൻഡിൽ മദ്ധ്യകാലഘട്ട ഗ്രാമമായ നെർനിയറിലെ ജനീവാ തടാകത്തിന്റെ കരയിലുള്ള വീട്ടിൽ ഭർത്താവ് പി.ബി. ഷെല്ലിയ്ക്കൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴാണ് മേരി ഷെല്ലി ഫ്രാങ്കൻസ്റ്റൈൻ രചിച്ചത്. സുഹൃത്തായ ഇംഗ്ലീഷ് കാല്പനിക കവി ലോർഡ് ബൈറൺ ഒരു ഹോറർ കഥ രചിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഇത്.
അന്ന് മേരിയുടെ പ്രായം 18. താൻ കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് മേരിയ്ക്ക് ഫ്രാങ്കൻസ്റ്റൈൻ നോവൽ രചിക്കാനുള്ള ആശയം കിട്ടിയത്. 1818 ജനുവരി 1ന് ലണ്ടനിൽ മേരി ഷെല്ലി തന്റെ പേര് വയ്ക്കാതെ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചു. ഗോഥിക് സാഹിത്യ സൃഷ്ടികളിൽ ഏറ്റവും മികവുറ്റവയിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഫ്രാങ്കൻസ്‌റ്റൈന്റെ 1821ൽ പാരീസിൽ പുറത്തിറക്കിയ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലി തന്റെ പേര് വച്ചത്.
യുവ ശാസ്ത്രജ്ഞനായ വിക്ടർ ഫ്രാങ്കൻസ്റ്റൈൻ മനുഷ്യനെ സൃഷ്ടിച്ച് ജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ ഗവേഷണങ്ങൾ നടത്തുകയും ശ്മശാനങ്ങളിൽ നിന്നും മറ്റും ശേഖരിച്ച ശരീരഭാഗങ്ങൾ ശേഖരിച്ച് കൂട്ടിച്ചേർത്ത് ഒരു അസാധാരണ രൂപത്തിന് ജീവൻ നൽകുകയും ചെയ്യുന്നു.
എട്ട് അടി ഉയരമുള്ള ഭീമാകാരനായ ഈ ജീവിയാണ് ഫ്രാങ്കൻസ്റ്റൈൻ'സ് മോൺസ്റ്റർ. ഭീകരജീവി വിക്ടറിന് എതിരാകുന്നതും നാശം വിതക്കുന്നതുമാണ് കഥയിൽ. ഇതിനെ ഇല്ലാതാക്കാനുള്ള യാത്രയ്ക്കൊടുവിൽ വിക്ടർ ഫ്രാങ്കൻസ്റ്റൈൻ മരണത്തിന് കീഴടങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |