റിയാദ്: സൗദി അറേബ്യയ്ക്കും ഇറാനും പിന്നാലെ മിഡിൽ ഈസ്റ്റിൽ പിണക്കം മറന്ന് കൂടുതൽ രാജ്യങ്ങൾ. 2017ന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബഹ്‌റൈനും ഖത്തറും. ഇറാനോട് കൂടുതൽ അടുപ്പം പുലർത്തുന്നെന്നും തീവ്ര ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നെന്നും കാട്ടി ബഹ്‌റൈന് പുറമേ അന്ന് ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ യു.എ.ഇ, സൗദി, ഈജിപ്റ്റ് എന്നിവർ നയതന്ത്ര ബന്ധം നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.
ഗൾഫ് കോ ഓപ്പറേഷൻ കൗൺസിലിന്റെ ( ജി.സി.സി ) ആസ്ഥാനമായ സൗദിയിലെ റിയാദിൽ നടന്ന ചർച്ചയിലാണ് ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തീരുമാനിച്ചത്. സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. അതിനിടെ, ഒരുദശാബ്ദത്തിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സിറിയയും സൗദിയും തീരുമാനിച്ചു. ഇരുരാജ്യങ്ങൾക്കുമിടെയിൽ വിമാന സർവീസ് പുനഃരാരംഭിക്കാനും എംബസികൾ തുറക്കാനും ധാരണയായി. സൗദിയുടെ തലസ്ഥാനമായ റിയാദിൽ തന്നെയാണ് ഇതിന്റെ ചർച്ചയും നടന്നത്.
ബുധനാഴ്ച ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ചർച്ചയെന്ന് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സിറിയൻ ആഭ്യന്തര യുദ്ധ പശ്ചാത്തലത്തിൽ 2012ലാണ് സൗദി - സിറിയ ബന്ധം വിച്ഛേദിക്കപ്പെട്ടത്. അതേ സമയം, 2012ന് ശേഷം ആദ്യമായി ട്യൂണീഷ്യയിലെ എംബസി തുറക്കാൻ പോകുന്നതായി സിറിയ ബുധനാഴ്ച അറിയിച്ചിരുന്നു.
ഇറാന്റെ പ്രതിനിധികളും കഴിഞ്ഞ ദിവസം റിയാദിൽ നയതന്ത്ര ചർച്ചകൾക്ക് എത്തിയിരുന്നു. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇറാനും സൗദി അറേബ്യയും ചൈനയുടെ മദ്ധ്യസ്ഥതയിൽ മാർച്ചിൽ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കുമെന്നാണ് ധാരണ.
ഹൂതി വിമതരുമായി ചർച്ച നടത്താൻ സൗദി അറേബ്യയയിൽ നിന്നുള്ള നയതന്ത്ര സംഘം ഞായറാഴ്ച യെമന്റെ തലസ്ഥാനമായ സനായിൽ എത്തിയിരുന്നു. ഇതിന് തൊട്ടുമുന്നേ യെമൻ സർക്കാർ പ്രതിനിധികളുടെ സമാധാന ചർച്ച റിയാദിൽ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |