ടോക്കിയോ : നമുക്കെല്ലാം ഏറെ സുപരിചിതമായ ഭക്ഷണ പദാർത്ഥമാണ് ബ്രെഡ്. ചീസിനൊപ്പമോ കറികൾക്കൊപ്പമോ ജാമിനൊപ്പമോ സാലഡായോ സാൻവിച്ചായോ ഒക്കെ ബ്രെഡിനെ ഉപയോഗിക്കാം. ബ്രെഡ് കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങളും ഏറെയാണ്.
പക്ഷേ എപ്പോഴെങ്കിലും പ്രകാശം പരത്തുന്ന ബ്രെഡിനെ കണ്ടിട്ടുണ്ടോ ? അങ്ങനെയൊന്ന് ഉണ്ട്. ജപ്പാനിലെ യുകികോ മോറിറ്റ എന്ന കലാകാരിയാണ് ഇതിന് പിന്നിൽ. ശരിക്കുമുള്ള ബ്രെഡിനെ വിവിധ രൂപത്തിലെ ലാമ്പുകളാക്കി മാറ്റി മോറിറ്റ വൈറലായിരിക്കുകയാണ്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് യഥാർത്ഥ ബ്രെഡിൽ നിന്ന് നിർമ്മിച്ച ഇവ. ബ്രെഡ് ഏറെ ഇഷ്ടപ്പെടുന്ന മോറിറ്റ വിദ്യാർത്ഥിയായിരിക്കെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. ദിവസവും കച്ചവടം കഴിഞ്ഞ് ബേക്കറി അടയ്ക്കാൻ പോകുമ്പോൾ അധികം വന്ന ബ്രെഡുകൾ കളയുന്ന കാഴ്ച തനിക്ക് വേദനയുണ്ടാക്കിയെന്ന് മോറിറ്റ പറയുന്നു.
അധികം വന്ന ബ്രെഡുകൾ വാങ്ങി വീട്ടിലെത്തിക്കാൻ തുടങ്ങിയ മോറിറ്റ കഴിക്കുന്നതിനൊപ്പം അവ കൊണ്ട് കലാസൃഷ്ടികൾ നിർമ്മിക്കാനും തുടങ്ങി. ബ്രെഡ് കൊണ്ട് അലങ്കാര വസ്തുക്കൾ നിർമ്മിച്ച് സുഹൃത്തുക്കൾക്ക് നൽകി. സാധാരണ ബ്രെഡ് കൂടാതെ ക്രസാന്റ്സ്, ബാഗെറ്റ് എന്നിവയും ലാമ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
ബേക്കറികളിൽ അധികം വരുന്ന ബ്രെഡുകളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതിൽ കൂടുതലും. ' പാംപ്ഷെയ്ഡ്സ്' എന്ന പേരിൽ ഓൺലൈനിൽ വിൽക്കുന്ന ഇവയ്ക്ക് 3,500 രൂപ മുതലാണ് വില. ലോകത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാണ്. കാഴ്ചയിൽ സുന്ദരമാണെങ്കിലും ഈ ബ്രെഡ് ലാമ്പുകൾ ഭക്ഷ്യയോഗ്യമല്ലെന്ന് മോറിറ്റ ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |