ബെർലിൻ : അടുത്തിടെ ഇറ്റലിയിൽ റോമിന് സമീപം ലാഡിസ്‌പൊളി നഗരത്തിൽ റോണി റോളർ എന്ന സർക്കസിലെ ലോഹക്കൂടിൽ നിന്ന് പുറത്തുചാടിയ ' കിംബ' എന്ന സിംഹം രാത്രി തെരുവിലൂടെ അലഞ്ഞുനടന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ജനവാസ മേഖലയിലെ വിജനമായ റോഡുകളിലൂടെ നടന്ന സിംഹത്തെ അധികൃതർ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. കിംബ മറ്റാരെയും ആക്രമിക്കാൻ ഒരുങ്ങാതിരുന്നതും ആശ്വാസമായി. മൃഗങ്ങളെ ഉപയോഗിച്ചുള്ള സർക്കസുകളെ മിക്ക രാജ്യങ്ങളും വിലക്കുമ്പോഴും ഇറ്റലിയടക്കം ചില രാജ്യങ്ങളിൽ ഇത്തരം സർക്കസുകൾ സജീവമാണ്.
വന്യമൃഗങ്ങളെ ഉപയോഗിച്ച് നടത്തുന്ന സർക്കസ് അഭ്യാസപ്രകടനങ്ങൾക്ക് അപകടങ്ങളുടെ ചരിത്രമാണുള്ളത്. കാണികൾക്കോ പരിശീലകർക്കോ അപകടം സൃഷ്ടിച്ച നിരവധി സംഭവങ്ങൾക്ക് സർക്കസുകളിലെ വന്യമൃഗങ്ങൾ കാരണമായിട്ടുണ്ട്. അത്തരത്തിലൊന്ന് 2009 ഡിസംബറിൽ ജർമ്മനിയിലെ ഹാംബർഗിൽ ഒരു ലൈവ് സർക്കസിൽ സംഭവിച്ചിരുന്നു.
അഭ്യാസപ്രകടനങ്ങൾക്കിടെ 170 ലേറെ കാണികൾക്ക് മുന്നിൽ വച്ച് മൂന്ന് കടുവകൾ ചേർന്ന് 28 കാരനായ പരിശീലകൻ ക്രിസ്‌റ്റ്യൻ വാലിസറിനെ മാരകമായി ആക്രമിച്ചു. ' ഡിന്നർ സർക്കസ് " എന്നായിരുന്നു ആ ഷോയുടെ പേര്. അത്താഴം കഴിച്ചുകൊണ്ട് സർക്കസ് വീക്ഷിക്കാൻ കാണികൾക്ക് ഈ ഷോയിൽ അവസരമുണ്ടായിരുന്നു. സ്റ്റേജിലുണ്ടായിരുന്ന 5 ബംഗാൾ കടുവകളുമായി ആളുകൾക്ക് മുന്നിൽ അഭ്യാസവിദ്യകൾ കാട്ടി കൈയ്യടിനേടുകയായിരുന്നു ക്രിസ്‌റ്റ്യൻ.
എന്നാൽ, വളരെ അപ്രതീക്ഷിതമായി മൂന്ന് കടുവകളും ക്രിസ്‌റ്റ്യന് നേരെ ഒരുമിച്ച് ചാടി വീഴുകയായിരുന്നു. കടുവകൾ ക്രിസ്‌റ്റ്യനെ ആക്രമിക്കുകയാണെന്ന് ആദ്യം കാണികൾക്ക് മനസിലായിരുന്നില്ല. അഭ്യാസപ്രകടനങ്ങളുടെ ഭാഗമാണെന്നാണ് കരുതിയത്. എന്നാൽ, ക്രിസ്‌റ്റ്യന്റെ ശരീരത്തിൽ നിന്ന് രക്തം വരുന്നത് കണ്ടതോടെ കാണികൾ ഞെട്ടി വിറയ്ക്കുകയായിരുന്നു.
ക്രിസ്‌റ്റ്യന്റെ കൈയ്യും തലയും കാലും കടുവകളുടെ വായ്ക്കുള്ളിലായിരുന്നു. ഇതിനിടെ ക്രിസ്‌റ്റ്യന് ഹൃദയാഘാതവുമുണ്ടായി. ഉടൻ തന്നെ മറ്റ് പരിശീലകർ ചേർന്ന് കടുവകളുടെ ശ്രദ്ധ തിരിച്ച് ക്രിസ്‌റ്റ്യനെ രക്ഷിക്കാൻ ശ്രമിച്ചു. ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയ ക്രിസ്‌റ്റ്യനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ആക്രമണത്തിൽ ക്രിസ്‌റ്റ്യന് തന്റെ ഒരു കൈ നഷ്ടമായിരുന്നു. ഇത്രയും ഭീകരമായ ആക്രമണം നടന്നിട്ടും കടുവകളെ ഉപയോഗിച്ച് ഷോകൾ തുടരാൻ തന്നെയായിരുന്നു സർക്കസ് അധികൃതരുടെ തീരുമാനം.
ആശുപത്രിയിൽ ദിവസങ്ങളോളം കോമയിൽ കഴിഞ്ഞ ക്രിസ്‌റ്റ്യൻ ബോധം വീണ്ടെടുത്ത ശേഷം ആദ്യം ചോദിച്ചത് തന്നെ ആ കടുവകളെക്കുറിച്ചായിരുന്നു. ഈ കടുവകളെ തീരെ ചെറുതായിരിക്കുമ്പോൾ മുതൽ അവരെ പരിശീലിപ്പിക്കുന്നത് ക്രിസ്‌റ്റ്യൻ ആയിരുന്നു. അവർ തന്നെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുമെന്ന് ഒരിക്കലും ക്രിസ്‌റ്റ്യൻ കരുതിയിരുന്നില്ല. അപകടത്തിൽ നിന്ന് തിരികെയെത്തിയ ശേഷവും ക്രിസ്റ്റ്യൻ കടുവ പരിശീലകനായി തന്നെ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |