വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നെവാഡ, വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ നടന്ന കോക്കസുകളിൽ ( ഉൾപാർട്ടി തിരഞ്ഞെടുപ്പ് ) യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇവയടക്കം പാർട്ടി ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ നാല് ഔദ്യോഗിക തിരഞ്ഞെടുപ്പുകളിലും ട്രംപിനായിരുന്നു ജയം. നെവാഡയിൽ 99.1 ശതമാനവും വിർജിൻ ഐലൻഡ്സിൽ 74.0 ശതമാനവും വീതം വോട്ട് ട്രംപിന് ലഭിച്ചു. ഈ മാസം 24ന് സൗത്ത് കാരലൈനയിൽ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കും. തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ യു.എസിലെ പാർട്ടികൾ പ്രൈമറി, കോക്കസ് രീതികളാണ് സ്വീകരിക്കുന്നത്. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്ത് അതത് പാർട്ടികൾ നടത്തിയാൽ കോക്കസെന്നും ഭരണകൂടം നടത്തിയാൽ പ്രൈമറി എന്നും പറയുന്നു. ഇവയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ കൺവെൻഷനുകളിലൂടെ സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കും. നവംബർ 5നാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |