ടെൽ അവീവ്: ഇസ്രയേലിലെ അതീവ സുരക്ഷാ മേഖലകളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ - ലെബനൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുള്ളയുടെ നീക്കം.
ഇസ്രയേലിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മാത്രം അറിയാവുന്ന ഇടങ്ങൾ തങ്ങളുടെ നിരീക്ഷണത്തിലുണ്ടെന്ന് ഹിസ്ബുള്ള അവകാശപ്പെടുന്നു. ഇവിടങ്ങളിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് വീഡിയോയിലൂടെ ഹിസ്ബുള്ള നടത്തുന്നത്. കൂടുതൽ വീഡിയോകൾ വരുംദിവസങ്ങളിൽ പുറത്താകുമെന്നും ഹിസ്ബുള്ള ഭീഷണി മുഴക്കി.
നെഗേവ് മരുഭൂമിയിലെ ഡിമോണ ന്യൂക്ലിയർ റിയാക്ടറിലെ റിസേർച്ച് കേന്ദ്രം, ടെൽ അവീവിലെ ബെൻ ഗൂരിയൻ എയർപോർട്ട്, നെവാതിം എയർബേസ്, സുരക്ഷാ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ടെൽ അവീവിലെ ഹാകിർയാ കോംപ്ലക്സ്, ഹൈഫ നഗരത്തിന് തെക്കുകിഴക്കായുള്ള റാമത്ത് ഡേവിഡ് എയർബേസ്, കാരിഷ് ഗ്യാസ് ഫീൽഡ് തുടങ്ങിയവയുടെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്ത് മണിക്കൂറുകൾക്ക് പിന്നാലെയാണ് വീഡിയോ പുറത്തായത്. ഇതോടെ ഹിസ്ബുള്ള - ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക ശക്തമായി. ഇസ്രയേലിനെ അപ്രതീക്ഷിതമായി ആക്രമിക്കാൻ ഹിസ്ബുള്ള തയാറെടുക്കുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |