
ധാക്ക: വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്ത് സംഘർഷം തുടരവേ ധാക്കയിൽ വീണ്ടും ആക്രമണം. ധാക്കയിലെ ന്യൂ എസ്കാറ്റൺ എ.ജി പള്ളിക്ക് സമീപം പെട്രോൾ ബോംബ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സൈഫുൾ സിയാം (21) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 7.10ഓടെയായിരുന്നു സംഭവം. മോഗ്ബസാർ ഫ്ലൈഓവറിൽ നിന്ന് അക്രമികൾ പെട്രോൾ ബോംബ് താഴേക്ക് എറിയുകയായിരുന്നു. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ സിയാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു സിയാം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനു പിന്നിലെ കാരണമെന്തെന്ന് അറിയില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ മസൂദ് ആലം പറഞ്ഞു. നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം,നാടുകടത്തപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവുമായ താരിഖ് റഹ്മാന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് ആക്രമണമുണ്ടായത്. 17 വർഷങ്ങൾക്ക് ശേഷമാണ് താരിഖ് റഹ്മാൻ ബംഗ്ലാദേശിലെത്തുന്നത്. റഹ്മാന്റെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തെ ജമാഅത്ത്-ഇ-ഇസ്ലാമി മേധാവി ഷഫീഖുർ റഹ്മാൻ അപലപിച്ചു.
യൂനുസിനെതിരെ
ഹാദിയുടെ സഹോദരൻ
ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടത്തിനെതിരെ ഹാദിയുടെ സഹോദരൻ ഷെരീഫ് ഒമർ ഹാദി രംഗത്തെത്തി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഈ കൊലപാതകമെന്നും യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും ഷെരീഫ് ആരോപിച്ചു. ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിൽ വച്ചാണ് സർക്കാരിനെതിരെ വിമർശനം. ഹാദിക്ക് നീതി ലഭിച്ചില്ലെങ്കിൽ മുഹമ്മദ് യൂനുസിനും ഷെയ്ഖ് ഹസീനയെപ്പോലെ രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും സഹോദരൻ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |