ന്യൂയോർക്ക് : ജീവിച്ചിരിക്കുന്നതിൽ ലോകത്തെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് ലോക റെക്കാഡിനുടമയായിരുന്ന കെവിൻ ഓർമ്മയായി. യു.എസിൽ അയോവയിലാണ് ഗ്രേറ്റ് ഡേൻ ഇനത്തിലെ കെവിൻ ജീവിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു അന്ത്യം.
മൂന്ന് വയസുള്ള കെവിന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഗിന്നസ് റെക്കാഡ് ലഭിച്ചത്. അപ്രതീക്ഷിതമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ കെവിൻ അവശനായിരുന്നു എന്ന് ഗിന്നസ് അധികൃതർ അറിയിച്ചു. 3 അടി 2 ഇഞ്ചായിരുന്നു കെവിന്റെ ഉയരം. സാധാരണ ആൺ ഗ്രേറ്റ് ഡേനുകളേക്കാൾ എട്ട് ഇഞ്ച് കൂടുതലാണിത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ടെക്സസിലെ ബെഡ്ഫോഡിൽ ജീവിച്ചിരുന്ന ഗ്രേറ്റ് ഡേൻ ഇനത്തിലെ സ്യൂസ് വിടവാങ്ങിയതോടെയാണ് റെക്കാഡ് കെവിനിലേക്കെത്തിയത്. 3 അടി 5.18 ഇഞ്ചായിരുന്നു സ്യൂസിന്റെ ഉയരം. കാൻസറിനെ തുടർന്ന് സ്യൂസിന്റെ മുൻവശത്തെ വലതുകാൽ ഡോക്ടർമാർ മുറിച്ചുമാറ്റിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ നാലാം പിറന്നാളിന് രണ്ട് മാസം ബാക്കി നിൽക്കെ സ്യൂസ് വിടവാങ്ങുകയായിരുന്നു. ഹോം എലോൺ സിനിമാ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരാണ് കെവിന് ഉടമകൾ നൽകിയത്. വീട്ടിലെ വാക്വം ക്ലീനർ കെവിന് ഏറെ പേടിയായിരുന്നു.ശാന്ത സ്വഭാവമുള്ള കെവിൻ ഏവരുടെയും പ്രിയങ്കരനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |