വാഷിംഗ്ടൺ: മോട്ടോർ വാഹനങ്ങൾക്ക് അനുവാദമില്ലാത്ത ഒരിടം. അതും തിരക്കേറിയ യു.എസിൽ. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം സത്യമാണ്. മോട്ടോർ വാഹനങ്ങളെ അനുവദിക്കാത്ത ഒരു കൊച്ചു ദ്വീപാണത്. പേര് മാക്കിനോ. 11.3 ചതുശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപ് മിഷിഗൺ സംസ്ഥാനത്തിന്റെ ഭാഗമാണ്. മിഷിഗണിലെ അപ്പർ, ലോവർ പെനിൻസുലകൾക്ക് ഇടയിൽ ഹ്യൂറൺ തടാകത്തിലായാണ് മാക്കിനോ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയൻ സ്റ്റൈലിലെ ഗ്രാൻഡ് ഹോട്ടൽ അടക്കം അതിമനോഹരമായ വാസ്തുവിദ്യയോട് കൂടിയ കെട്ടിടങ്ങൾ ഇവിടെ കാണാം. പ്രതിവർഷം നിരവധി പേരാണ് മാക്കിനോയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നത്. നഗരത്തിലെ എമർജൻസി സർവീസിന് കീഴിൽ വരുന്ന ആംബുലൻസ്, പൊലീസ് കാർ, ഫയർ ട്രക്ക് എന്നിവയൊഴികെ മറ്റ് മോട്ടോർ വാഹനങ്ങൾക്കൊന്നും ഇവിടെ പ്രവേശനമില്ല. ശൈത്യ കാലത്ത് മഞ്ഞുനീക്കാൻ സ്നോ മൊബൈലുകൾ അധികൃതർ ഉപയോഗിക്കാറുണ്ട്. ബോട്ടോ ചെറുവിമാന മാർഗമോ ദ്വീപിലേക്കെത്താം. 1898ലാണ് ദ്വീപിൽ മോട്ടോർ വാഹനങ്ങൾ നിരോധിച്ചത്. കാൽനടയായോ കുതിരവണ്ടിയിലോ സൈക്കിളിലോ ആണ് ഇവിടുള്ളവർ സഞ്ചരിക്കുന്നത്. തിരക്കൊഴിഞ്ഞ മേഖലയിൽ റോളർ സ്കേറ്റുകൾക്കും അനുമതിയുണ്ട്. ഇപ്പറഞ്ഞവയൊക്കെ പുറത്തുനിന്നുള്ളവർക്ക് വാടകയ്ക്ക് നൽകുന്ന സംവിധാനവുമുണ്ട്. ദ്വീപിന്റെ 80 ശതമാനം പ്രദേശവും മാക്കിനോ ഐലൻഡ് സ്റ്റേറ്റ് പാർക്കായി സംരക്ഷിച്ചുവരികയാണ്. ഏകദേശം 500 പേരാണ് ദ്വീപിലെ സ്ഥിര താമസക്കാർ. 500ലേറെ കുതിരകളെയും ദ്വീപിൽ കാണാം. കുതിരകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇവിടെ മോട്ടോർ വാഹനങ്ങളെ നിരോധിച്ചത് പോലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |