മരണം 123 ആയി
ധാക്ക: തൊഴിൽ സംവരണത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. പൊലീസിന് ഷൂട്ട് അറ്റ് സൈറ്റ് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 10 വരെയാണ് കർഫ്യു എങ്കിലും നീട്ടിയേക്കും. അതിനിടെ
ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 778 പേർ കരമാർഗവും 200ഓളം പേർ വിമാനത്തിലും എത്തി. ബംഗ്ലാദേശിൽ തുടരുന്ന 4,000ത്തിലേറെ വിദ്യാർത്ഥികളുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ രാജ്യത്തേക്ക് മടങ്ങാനും ഇന്ത്യ സഹായിക്കുന്നുണ്ട്.
അതിനിടെ, പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 123 ആയി. 1,500ഓളം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം ഇല്ലാതാക്കാൻ എല്ലാ കോണിലും സൈന്യത്തെ വിന്യസിച്ചു തുടങ്ങി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.
2018ൽ റദ്ദാക്കപ്പെട്ട ഈ സംവരണം പുനഃസ്ഥാപിക്കാൻ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടതാണ് പ്രക്ഷോഭത്തിന് കാരണം. വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഓഗസ്റ്റ് 7ന് സുപ്രീംകോടതി പരിഗണിക്കും. വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്.
സൈനിക വലയം
ധാക്കയടക്കം പ്രധാന നഗരങ്ങൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ധാക്കയിൽ ഇന്നലെ വലിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിഷേധക്കാരെ തടയാൻ റോഡുകൾ ബ്ലോക്ക് ചെയ്തു. പുറത്തിറങ്ങുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നുണ്ട്.
റാംപുരയിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ഇവരെ ഒഴിപ്പിക്കാൻ പൊലീസ് വെടിവയ്പ് നടത്തി. ഒറ്റപ്പെട്ടയിടങ്ങളിൽ തീവയ്പുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. സ്‌പെയിൻ, ബ്രസീൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് നടത്താനിരുന്ന യാത്ര റദ്ദാക്കി. വ്യാഴാഴ്ച മുതൽ തടസപ്പെട്ട ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. വിദേശത്ത് നിന്നുള്ള ഫോൺ ആശയവിനിമയവും തകരാറിലാണ്. ഓൺലൈൻ വാർത്താ വെബ്സൈറ്റുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |