ദുബായ്: മരുന്നുകളും പാഴ്സലുകളും ഡ്രോൺ വഴി വിതരണം ചെയ്യുന്നതിന് ഔദ്യോഗികമായി തുടക്കമിട്ട് യു.എ.ഇ. ദുബായ് സിലികൺ ഒയേസിസ് മേഖലയിലാണ് പദ്ധതി നടപ്പാക്കിയത്. നാല് ഡെലിവറി റൂട്ടുകളാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. കീറ്റ ഡ്രോൺ കമ്പനിക്കാണ് ഡ്രോൺ ഡെലിവറിക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസ് നൽകിയത്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ആദ്യ ഓർഡർ നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് റോചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ദുബായ് ഡിജിറ്റൽ പാർക്ക് തുടങ്ങിയവ ഡ്രോൺ ഡെലിവറിയുടെ പരിധിയിൽ വരും. ആദ്യ ഘട്ടത്തിൽ 6 ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.
2.5 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണിന് ഒറ്റത്തവണ നാല് കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 2030ഓടെ ദുബായിലെ ഡ്രോൺ ഡെലിവറി 33 ശതമാനമാക്കി ഉയർത്താനാണ് അധികൃതരുടെ ലക്ഷ്യം. ചൈനീസ് ടെക്നോളജി, റീടെയ്ൽ കമ്പനിയായ മെയ്‌തുവാന്റെ കീഴിലുള്ളതാണ് കീറ്റ ഡ്രോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |