സോൾ: ദക്ഷിണ കൊറിയയിൽ സസ്‌പെൻഷനിലായ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുരക്ഷാ സേന. ഇന്നലെ തലസ്ഥാനമായ സോളിലെ യൂനിന്റെ വസതിയിലായിരുന്നു നാടകീയ രംഗങ്ങൾ. രാവിലെ അന്വേഷണ ഉദ്യോഗസ്ഥരും പൊലീസും യൂനിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ 200ഓളം പ്രസിഡൻഷ്യൽ ഗാർഡുകളും സൈനികരും ചേർന്ന് തടയുകയായിരുന്നു.
ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. സംഘർഷ സാഹചര്യം ആറ് മണിക്കൂർ നീണ്ടു. ഇതിനിടെ യൂനിന്റെ നൂറുകണക്കിന് അനുയായികളും വസതിക്ക് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടി. ഒടുവിൽ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി അന്വേഷണ സംഘത്തിന് മടങ്ങേണ്ടി വന്നു. ഈ മാസം 6 വരെയാണ് യൂനിനെതിരെയുള്ള അറസ്റ്റ് വാറണ്ട് നിലനിൽക്കുക. യൂനിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
ഡിസംബർ 3ന് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. നടപടിയുടെ പേരിൽ യൂനിനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. യൂനിനെ പുറത്താക്കണോ എന്നതിൽ ഭരണഘടനാ കോടതിയിൽ വാദം തുടങ്ങി. യൂനിനെതിരെ കലാപം സൃഷ്ടിക്കലിനടക്കം ക്രിമിനൽ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |