വാഷിംഗ്ടൺ: യുക്രെയിനുള്ള എല്ലാ സൈനിക സഹായവും നിറുത്തിവയ്ക്കാൻ യു.എസ് തീരുമാനം.റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ആയുധങ്ങളായിരുന്നു യുക്രെയിനിന്റെ കരുത്ത്.
ദിവസങ്ങൾക്കു മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും തമ്മിൽ പരസ്യമായി വാക്കുതർക്കം ഉണ്ടായതിനു പിന്നാലെയാണ് നടപടി.
ഒരു ഉത്തരവ് ഉണ്ടാകുംവരെ സാമ്പത്തിക- ആയുധ സഹായം നൽകില്ലെന്ന് ട്രംപ് അറിയിച്ചു.
റഷ്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ യുക്രെയിൻ തയ്യാറായാൽ മാത്രമേ സഹായം നൽകൂ എന്നും വ്യക്തമാക്കി.
റഷ്യ ആക്രമണം തുടരുന്നതിനാൽ, തീരുമാനം യുക്രെയിന് കനത്ത തിരിച്ചടിയാണ്. പോളണ്ടിലും മറ്റും എത്തിച്ച സൈനിക ഉപകരണങ്ങളുടെ വിതരണം താത്കാലികമായി നിറുത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് നേരത്തേതന്നെ ട്രംപ് സ്വീകരിച്ചിരുന്നു. ചർച്ചയിൽ റഷ്യക്കെതിരെ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷയും ഉറപ്പാക്കണമെന്നാണ് സെലൻസ്കി അഭ്യർത്ഥിച്ചത്. അത് ട്രംപിനെ പ്രകോപിപ്പിച്ചു. സമാധാനക്കരാറിന് ആഗ്രഹിക്കുന്നെങ്കിൽ തിരികെവരൂ എന്ന് ട്രംപ് പറഞ്ഞു.അമേരിക്ക ചെയ്ത സഹായത്തിന് നന്ദി പറയൂ എന്നും നിർദേശിച്ചു. സൗഹൃദാന്തരീക്ഷം നഷ്ടപ്പെട്ട കൂടിക്കാഴ്ചയിൽ നിന്ന് സെലൻസ്കി പിൻമാറുകയും സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.
യുക്രെയിന്റെ അത്യപൂർവ ധാതുസമ്പത്തിന്റെ ഒരു പങ്ക് യു.എസിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പ് വയ്ക്കാതെയാണ് സെലൻസ്കി മടങ്ങിയത്. ബൈഡൻ സർക്കാർ യുക്രെയിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണ് വാഗ്ദാനം ചെയ്തിരുന്നത്. തീരുമാനത്തിൽ സെലൻസ്‌കിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
ഖേദം പ്രകടിപ്പിച്ച്
സെലെൻസ്കി
വൈറ്റ് ഹൗസിലെ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി.
ട്രംപിന്റെ നേതൃത്വത്തിൽ ശാശ്വത സമാധനത്തിനും യുദ്ധം അവസാനിപ്പിക്കാനും തയ്യാറാണെന്നും സെലെൻസ്‌കി അറിയിച്ചു.
യുക്രെയ്നിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് യു.എസുമായി കരാറിൽ ഏർപ്പെടാൻ േഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സെലൻസ്‌കിയെ ലക്ഷ്യമിട്ട് ട്രംപ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ട്രംപിനെ വില കുറച്ച് കാണരുതെന്നും ഈ കളിയിൽ അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകൾ മുന്നിലാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |