വാഷിംഗ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേശകനും ശതകോടീശ്വരനുമായ ഇലോൺ മസ്കും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസിൽ ട്രംപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെഡറൽ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്‌ക്കാനുള്ള മസ്കിന്റെ നടപടികളിൽ റൂബിയോ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തന്റെ നീക്കം റൂബിയോ തടഞ്ഞെന്ന് മസ്ക് ആരോപിച്ചു. ഡിപ്പാർട്ട്‌മെന്റിലെ 1500 ജീവനക്കാർ കാലാവധി പൂർത്തിയാകും മുമ്പ് വിരമിച്ചെന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നും റൂബിയോ യോഗത്തിൽ അറിയിച്ചു.
ഇവരെ തിരിച്ചെടുത്ത് വീണ്ടും പിരിച്ചുവിടണോ എന്ന് മസ്‌കിനെ പരിഹസിച്ച് റൂബിയോ ചോദിച്ചെന്നും പറയുന്നു. ഫെഡറൽ വകുപ്പുകളിലെ മസ്കിന്റെ ഇടപെടലിനെതിരെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും കോൺഗ്രസ് അംഗങ്ങളും വ്യാപക പരാതി ഉന്നയിച്ചിരുന്നു. അതേ സമയം, മസ്‌കും റൂബിയോയും തമ്മിൽ തർക്കമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
ട്രംപ് രൂപീകരിച്ച കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതല മസ്കിനാണ്. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളിലാണ് ഡോഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |